പനമരത്ത് ഗര്‍ഭിണിയായ യുവതിക്ക് ഇഞ്ചക്ഷന് മാറിനല്‍കിയ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു
പനമരം : ഗര്‍ഭിണിക്ക് നല്‍കേണ്ടിയിരുന്ന അയണ്‍ സുക്രോസ് ഇഞ്ചക്ഷന് പകരം മറ്റൊരു ഇഞ്ചക്ഷന് നല്‍കിയെന്ന പരാതിയില്‍ പനമരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. പനമരം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഒക്ടോബര്‍ 31ന് ചികിത്സയ്ക്കെത്തിയ റാഹിന എന്ന ഗര്‍ഭിണിക്കാണ് മരുന്ന് മാറി കുത്തിവെച്ചതെന്നാണ് പരാതി.
ഗര്‍ഭിണിയായ രോഗിക്ക് നല്‍കേണ്ടിയിരുന്ന അയണ്‍ സുക്രോസ് ഇഞ്ചക്ഷന് പകരം ഐ.ഡി.ആര്.വി ഇഞ്ചക്ഷന് നല്‍കിയതായി ലഭിച്ച പരാതിയില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി.
ഗര്‍ഭിണികള്‍ക്ക് മരുന്നുകള്‍ നിര്‍ദേശിക്കുന്നതിലും ചികിത്സ നല്‍കുന്നതിലും അതീവ ജാഗ്രതയും കൃത്യതയും പാലിക്കേണ്ടതുണ്ടെന്നും സംഭവത്തില്‍ ഗുരുതരമായ അശ്രദ്ധയും കൃത്യവിലോപവും ഉണ്ടായതായും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പനമരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായ ഡോ. അനൂപ് കെ യെയാണ് സസ്പെന്‍ഡ് ചെയ്ത് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിറക്കിയത്.
സസ്പെന്ഷന് കാലയളവില്‍ ചട്ടപ്രകാരമുള്ള ഉപജീവനബത്തയ്ക്ക് ഡോക്ടര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മൊയ്ദീന് ഷാ പി.എം. ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
