June 11, 2026

സൗജന്യ യാത്രയില്‍ തര്‍ക്കങ്ങള്‍; മുൻകൂര്‍ പണം വേണമെന്ന് കെഎസ്‌ആര്‍ടിസി, മാസാവസാനം ചെലവായ തുക നല്‍കാമെന്ന് സര്‍ക്കാര്‍; ഇന്ധന സബ്‍സിഡിയെ ബാധിക്കുമെന്ന് ആശങ്ക

Share

 

സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതി തുടങ്ങും മുമ്പ് തന്നെ പ്രതിസന്ധി. കെഎസ്‌ആർടിസിക്ക് മുൻകൂർ പണം അനുവദിക്കില്ലെന്ന സ‍ർക്കാര്‍ നിലപാടാണ് തർക്കത്തിന് കാരണം. പദ്ധതി മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ മുൻകൂർ തുക അനുവദിക്കണം എന്ന് കെഎസ്‌ആർടിസി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഇന്ധന സബ്‍സിഡിയെ ബാധിക്കും. നഷ്ടം എങ്ങനെ നികത്താമെന്ന് ധനവകുപ്പുമായി ചര്‍ച്ച നടത്തുമെന്നും കെഎസ്‌ആർടിസി വ്യക്തമാക്കി. സീറോ ടിക്കറ്റ് പരിശോധിച്ച്‌ ഓരോ മാസവും അവസാനം ചെലവായ തുക കെഎസ്‌ആർടിസിക്ക് നല്‍കാമെന്നാണ് സർക്കാര്‍ ആലോചിച്ചിരുന്നത്.

 

എന്നാല്‍, അത് കോര്‍പറേഷനെ ബാധിക്കും. 45 ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയില്‍ 3 രൂപ 10 പൈസ കുറച്ചാണ് ഇന്ധന കമ്പനികള്‍ കെഎസ്‌ആർടിസിക്ക് ഇന്ധനം നല്‍കുന്നത്. പ്രിയദർശിനി പദ്ധതി വരുന്നതോടെ വരുമാന നഷ്ടം ഉണ്ടാകും. ഇതോടെ ഇപ്പോഴുള്ള സബ്സിഡി കമ്പനികള്‍ ഒഴിവാക്കുമോ എന്ന ആശങ്ക കെഎസ്‌ആർടിസിക്കുണ്ട്. ഒന്നെങ്കില്‍ മുൻകൂറായി പണം നല്‍കണം. അല്ലെങ്കില്‍ ഓരോ ദിവസം ടിക്കറ്റുകള്‍ നോക്കി ചെലവായ തുക നല്‍കണം എന്നാണ് കെഎസ്‌ആർടിസിയുടെ ആവശ്യം. ഈ കാര്യത്തില്‍ ഒരു അന്തിമ തീരുമാനത്തിലേക്ക് സർക്കാര്‍ പോയിട്ടില്ല. കൂടുതല്‍ ചർച്ച നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.


Share
Copyright © All rights reserved. | Newsphere by AF themes.