കൂപ്പുകുത്തി സ്വർണം : ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 3160 രൂപ
രാജ്യാന്തര വിപണിയിലെ തകർച്ചയെ തുടർന്ന് കേരളത്തില്‍ സ്വർണവില കൂപ്പുകുത്തിയിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 3160 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,09,160 രൂപയായിരിക്കുകയാണ്.ഗ്രാമിന് 395 രൂപ കുറഞ്ഞ് 13,645 രൂപയായി. ഈ മാസത്തില്‍ ഒരു തവണ മാത്രമാണ് സ്വർണ വിലയില്‍ ഉയർച്ചയുണ്ടായത്. ബാക്കി എല്ലാ ദിവസങ്ങളിലും വില ഇടിയുന്ന ട്രെൻഡിലേക്ക് കടക്കുകയായിരുന്നു
ജൂണ്‍ ഒന്നിനാണ് സ്വർണം ഏറ്റവും ഉയർന്ന് നിരക്കില്‍ രേഖപ്പെടുത്തിയത്. അന്ന് വില 1,14,560 രൂപയായിരുന്നു. ഈ ഉയർച്ചയില്‍ നിന്നാണ് വില കൂപ്പുകുത്തി താഴെ വീണത്. അന്താരാഷ്ട്ര വിപണികളിലെ തകർച്ച, ശക്തമായ യുഎസ് ഡോളർ, എണ്ണവില വർദ്ധനവ്, ഉയർന്ന പലിശനിരക്ക് എന്നിവയാണ് ഇതിന് കാരണം. ഇന്ന് രാവിലെ സ്വർണവില നിശ്ചയിക്കുന്ന സമയത്ത് അന്താരാഷ്ട്ര വിപണിയില്‍ സ്വർണവില 4342 ഡോളറായിരുന്നു. ഓഗസ്റ്റ് മാസത്തെ എംസിഎക്സ് സ്വർണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 2,517 രൂപ അഥവാ 1.65 ശതമാനം കുറഞ്ഞ് 1,49,926 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ തവണ ഇത് 1,52,443 രൂപയായിരുന്നു. ആദ്യ വ്യാപാരത്തില്‍ ചില നഷ്ടങ്ങള്‍ വീണ്ടെടുത്ത് 1.46 ശതമാനം കുറഞ്ഞ് 1,50,213 രൂപയിലാണ് വ്യാപാരം നടന്നത്.
വരും ദിവസങ്ങളില്‍ സ്വർണ വില ഇനിയും കുറയാൻ സാദ്ധ്യതയുണ്ട്. നാളെ പുറത്തുവരാനിരിക്കുന്ന യുഎസിന്റെ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് ഡാറ്റയും ഫെഡറല്‍ റിസർവിന്റെ ധനനയപ്രഖ്യാപനങ്ങളും സ്വർണവിലയുടെ ഏറ്റക്കുറച്ചിലുകളെ നിയന്ത്രിക്കും. വില കുറയുന്ന ട്രെൻഡാണെങ്കില്‍ ദീർഘകാലത്തേക്കായി നിക്ഷേപിക്കുന്നവർക്കും വിവാഹ ആവശ്യത്തിനായി സ്വർണം വാങ്ങുന്നവർക്കും അനുകൂല സാഹചര്യമായേക്കും.
ഇസ്രയേലിനെതിരെ ഇറാൻ കഴിഞ്ഞ ദിവസം ശക്തമായ ആക്രമണം നടത്തിയതും അമേരിക്കയില്‍ പലിശ വർദ്ധിക്കുമെന്ന ആശങ്കയും തിങ്കളാഴ്ച ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി സൃഷ്ടിച്ചിരുന്നു. ഇറാനും അമേരിക്കയും സമാധാന കരാറില്‍ ഒപ്പുവച്ചേക്കുമെന്ന പ്രതീക്ഷയില്‍ ഇന്നലെ ഓഹരികള്‍ ശക്തമായി തിരിച്ചുകയറി. സെൻസെക്സ് ഇന്നലെ 395 പോയിന്റ് നേട്ടവുമായി 73,919ല്‍ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി 119 പോയിന്റ് ഉയർന്ന് 23,242ല്‍ അവസാനിച്ചു. ചെറുകിട, ഇടത്തരം ഓഹരികളില്‍ ഉള്‍പ്പെടെ കനത്ത ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
