കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ; പ്രഖ്യാപിച്ച് വി.ഡി. സതീശൻ
ജൂണ്‍ 15 മുതല്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്കും കെഎസ്‌ആർടിസിയില്‍ സൗജന്യമായി യാത്രചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സൗജന്യയാത്രയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയെന്നും ‘പ്രിയദർശിനി’ എന്നാണ് ഈ പദ്ധതിയെ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഓർഡിനറി ബസിലാണ് ആദ്യം സൗജന്യയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. മാസം 65 മുതല്‍ 75 കോടിയോളം രൂപയുടെ ബാദ്ധ്യത സർക്കാരിന് വരും. വർഷത്തില്‍ 800 കോടിരൂപയോളം കെഎസ്‌ആർടിസിക്ക് വരുമാനകുറവ് വരും. അതും സർക്കാർ നല്‍കും. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് സൗജന്യയാത്ര അനുവദിക്കുക.
ഇപ്പോള്‍ ഒരു വർഷം 1500 കോടി രൂപ സർക്കാർ കെഎസ്‌ആർടിസിക്ക് നല്‍കുന്നുണ്ട്. അതിനൊപ്പം ഇതും നല്‍കും. ആദ്യം ഘട്ടമെന്ന രീതിയിലാണ് ഓർഡിനറിയില്‍ സൗജന്യയാത്ര നല്‍കുന്നത്. കെഎസ്‌ആർടിസിയുടെ നിലമെച്ചപ്പെടുത്തിയിട്ട് രണ്ടാം ഘട്ടത്തെക്കുറിച്ച് ആലോചിക്കും. സ്വന്തമായി വരുമാനം ഉണ്ടാക്കാൻ കെഎസ്‌ആർടിസിയെ പ്രോത്സാഹിപ്പിക്കും. എല്ലാകാര്യങ്ങളെക്കുറിച്ചും പഠിക്കാനാണ് ആദ്യം ഓർഡിനറിയില്‍ പദ്ധതി നടപ്പിലാക്കുന്നത്’- വി ഡി സതീശൻ വ്യക്തമാക്കി.
