ആശ്വാസം : സംസ്ഥാനത്ത് സ്വര്‍ണത്തിനും വെള്ളിക്കും വില കുറഞ്ഞു : സ്വർണത്തിന് പവന് കുറഞ്ഞത് 1360 രൂപ
സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ ദിവസം പവന് 1,07,200 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,400 രൂപയായിരുന്നു വില.
എന്നാല്‍, ഇന്ന് വില താഴ്ന്നിട്ടുണ്ട്. 1360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,05,840 രൂപയായി. ഗ്രാമിന് 13,230 രൂപയാണ് ഇന്ന് നല്‍കേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാള്‍മാർക്കിങ് ചാർജും ചേരുമ്പോള്‍ വില വീണ്ടും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 244.90 രൂപയും കിലോയ്ക്ക് 2,44,900 രൂപയുമാണ് നല്‍കേണ്ടത്.
കഴിഞ്ഞ ദിവസം രാവിലെ സ്വർണവിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. പവന് 1,08,000 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ഒന്നാം തീയതി 1,03,240 രൂപയായിരുന്നു പവൻ വില. പിന്നീടുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടം തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ കുതിച്ചെങ്കിലും ഉച്ചയോടെ വില ഇടിഞ്ഞു. ഗ്രാമിന് 100 രൂപ താഴ്ന്ന് വില 13,400 രൂപയായും 800 രൂപ കുറഞ്ഞ് പവൻവില 1,07,200 രൂപയായും ഇടിഞ്ഞു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ചുവടുപിടിച്ചാണ് സ്വർണവിലയിലെ മാറ്റങ്ങള്‍. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതികള്‍ ആക്രമണം തുടങ്ങിയതോടെ എണ്ണവില കുതിപ്പാരംഭിച്ചതാണ് സ്വർണവില ഇടിയാൻ കാരണമായത്.
എണ്ണവില കൂടിയതിന് പിന്നാലെ യു.എസ് ഡോളർ ഇൻഡക്സ് കുതിച്ചതും സ്വർണത്തിന് തിരിച്ചടിയായി. ഈ ട്രെൻഡ് തുടർന്നാല്‍ കേരളത്തില്‍ ഇനിയും സ്വർണവില കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
നിലവിലെ പശ്ചിമേഷ്യൻ സാഹചര്യം സ്വർണത്തിന് അനുകൂലമല്ല. ഇറാനും യുഎസും തമ്മിലെ യുദ്ധം കനക്കുകയാണ്. കൂടാതെ, ഹോർമുസിനെച്ചൊല്ലി തർക്കവും ഇറാന്റെ പിന്തുണയോടെ ചെങ്കടലില്‍ യെമനിലെ ഹൂതി വിമതർ കപ്പല്‍ ഉപരോധം തുടങ്ങിയതും സ്വർണവില ഇടിയാൻ കാരണമാകും. ഹോർമുസ് വഴിയും ചെങ്കടല്‍ വഴിയും കപ്പലുകള്‍ക്ക് പോകാനാവാത്ത സാഹചര്യമാണ്.
ക്രൂഡ് ഓയില്‍ വില കുതിച്ചാല്‍ സ്വർണവില ഇടിയും. നിലവില്‍, ഹോർമുസ് വഴിയും ചെങ്കടല്‍ വഴിയുമുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇറാന്റെ എണ്ണ വില്‍ക്കാൻ അമേരിക്ക അനുവദിക്കുന്നില്ലെങ്കില്‍ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളുടെ എണ്ണ വിപണിയില്‍ ഇറക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചു. നിലവിലെ ട്രെൻഡ് തുടർന്നാല്‍ അധികം വൈകാതെ വില നൂറിലെത്തും. എണ്ണവില കൂടുന്നത് ആഗോളതലത്തില്‍ പണപ്പെരുപ്പ ഭീഷണി ഉയരാൻ കാരണമാകും. ഈ പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ കേന്ദ്രബാങ്കുകള്‍ അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കും. ഇത്തരത്തില്‍ പലിശനിരക്ക് കൂടുമ്പോള്‍ ബാങ്ക് നിക്ഷേപം, നിക്ഷേപം എന്നിവ കൂടുതല്‍ ലാഭകരമാകുകയും സ്വാഭാവികമായി ഇവയിലേക്ക് നിക്ഷേപം വൻതോതില്‍ എത്തുകയും ചെയ്യും. ഇതോടെ ഡോളർ ശക്തി പ്രാപിക്കും. ഡോളർ കുതിച്ചാല്‍ സ്വർണം വാങ്ങുന്നത് ചെലവേറിയതാകുകയും ഡിമാൻഡ് താഴുകയും ചെയ്യും. ഇതോടെ വിലയും ഇടിയും.
അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. നിലവില്‍ 22 കാരറ്റ് വെള്ളി ഗ്രാമിന് 235 രൂപയിലും 10 ഗ്രാമിന് 2,350 രൂപയിലും ആണ് വ്യാപാരം നടക്കുന്നത്.
