വയനാട്ടിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു : ജാഗ്രത നിർദ്ദേശം
കൽപ്പറ്റ : വയനാട് ജില്ലയിലെ ഒരു വിദ്യാലയത്തിലെ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചു. നാലര വയസ്സുള്ള ഒരു ആൺകുട്ടിക്കും അഞ്ച് വയസ്സുള്ള പെൺകുട്ടിക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. 339 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരിൽ 21 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലും 38 പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. ആകെ 21 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ രണ്ട് എണ്ണത്തിൻ്റെ ഫലമാണ് പോസിറ്റീവായത്. 19 സാമ്പിളുകളുടെ ഫലം വരാനുണ്ട്.
*ഷിഗെല്ല രോഗം എന്താണ്?*
ഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാറുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റ് വയറിളക്ക രോഗങ്ങളെ അപേക്ഷിച്ച് വളരെ പെട്ടെന്ന് പടർന്നു പിടിക്കാൻ സാധ്യതയുള്ള ഒന്നായതിനാൽ പ്രത്യേക ജാഗ്രത പുലർത്തണം.
*ലക്ഷണങ്ങൾ:*
ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമായേക്കാം:
• കടുത്ത പനിയോടുകൂടിയ വയറിളക്കം.
• മലത്തിൽ രക്തം, കഫം എന്നിവ കാണപ്പെടുക.
• കടുത്ത വയറുവേദനയും വയറു കോച്ചിപ്പിടുത്തവും.
• ഓക്കാനം, ഛർദ്ദി.
• കടുത്ത ക്ഷീണം, ശരീരവേദന.
• എപ്പോഴും മലവിസർജ്ജനം നടത്താനുള്ള അമിതമായ തോന്നൽ.
*പകരുന്ന വിധം*
• രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്.
• രോഗിയുടെ വിസർജ്യത്തിൽ നിന്നുള്ള ബാക്ടീരിയകൾ മറ്റൊരാളുടെ ഉള്ളിൽ എത്തുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്.
• വ്യക്തിശുചിത്വം പാലിക്കാത്തതുമൂലവും രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം.
• തുറസ്സായ സ്ഥലങ്ങളിലെ വിസർജ്ജനം മൂലം ഈച്ചകളും മറ്റും വഴി ബാക്ടീരിയ ഭക്ഷണത്തിലും കുടിവെള്ളത്തിലും എത്തുമ്പോഴും അണുബാധ ഉണ്ടാകാം.
*പ്രതിരോധ മാർഗ്ഗങ്ങൾ:*
• ആഹാരം പാകം ചെയ്യുന്നതിന് മുൻപും, ഭക്ഷണം കഴിക്കുന്നതിന് മുൻപും, മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
• തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
• ഭക്ഷണം എപ്പോഴും അടച്ചു സൂക്ഷിക്കുക. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കർശനമായും ഒഴിവാക്കുക.
• പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
• രോഗലക്ഷണങ്ങളുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗികൾക്ക് പ്രത്യേക ശുചിമുറി സൗകര്യങ്ങൾ ഏർപ്പെടുത്താൻ ശ്രദ്ധിക്കുക.
*രോഗലക്ഷണങ്ങളുള്ള ആളുകളുടെ വ്യക്തിഗത സാധനങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കുക
• കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ സുരക്ഷിതമായ രീതിയിൽ മാത്രം സംസ്കരിക്കുക.
• വ്യക്തിശുചിത്വവും ഭക്ഷണ- കുടിവെള്ള ശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കുക. തുറസ്സായ സ്ഥലങ്ങളിൽ മലവിസർജ്ജനം നടത്താതിരിക്കുക.
കുട്ടികളിലും വയോജനങ്ങളിലും നിർജലീകരണം പ്രധാന അപകടസാധ്യതയാണ്.
പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ രോഗനിരീക്ഷണവും പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളും
ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും ഡി എം ഒ അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലർത്തണം.
