June 6, 2026

ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ ലോകകപ്പ് ; സമ്മാനത്തുക മാത്രം 871 മില്യണ്‍ ഡോളര്‍! 49 ശതമാനം വർധന, റെക്കോര്‍ഡ് പ്രഖ്യാപനവുമായി ഫിഫ

Share

 

ഫുട്‌ബോള്‍ ആരാധകരുടെ കണ്ണുകള്‍ ഇപ്പോള്‍ 2026 ഫിഫ ലോകകപ്പിലേക്കാണ്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് നിരവധി പുതുമകളുമായാണ് എത്തുന്നത്. ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പ് എന്ന വിശേഷണത്തിനൊപ്പം, റെക്കോർഡ് സമ്മാനത്തുകയെന്ന നേട്ടവും 2026 പതിപ്പിനെ വ്യത്യസ്തമാക്കുന്നു.

 

ലോക ഫുട്‌ബോളിന്റെ സാമ്പത്തിക ശക്തി എത്രത്തോളം വളർന്നുവെന്നതിന് തെളിവായാണ് ഫിഫയുടെ പുതിയ പ്രഖ്യാപനം. 2026 ലോകകപ്പിനായി ആകെ 871 മില്യണ്‍ ഡോളർ (ഏകദേശം 7,400 കോടിയിലധികം രൂപ) സമ്മാനത്തുകയും അനുബന്ധ വിതരണങ്ങളും ഉള്‍പ്പെടുത്തി മാറ്റിവെച്ചിരിക്കുകയാണ്. 2022 ഖത്തർ ലോകകപ്പിനെ അപേക്ഷിച്ച്‌ ഇത് ഏകദേശം 49 ശതമാനം വർധനവാണ്.

 

ലോകകപ്പ് കിരീടം ഉയർത്തുന്ന ടീമിന് ഇത്തവണ 50 മില്യണ്‍ ഡോളർ ലഭിക്കും. ഖത്തർ ലോകകപ്പില്‍ ജേതാക്കള്‍ക്ക് ലഭിച്ച 42 മില്യണ്‍ ഡോളറിനെ അപേക്ഷിച്ച്‌ ഇത് വലിയ വർധനയാണ്. ഫൈനലിലെ തോറ്റ ടീമിനും മൂന്നാം സ്ഥാനം നേടുന്നവർക്കും ക്വാർട്ടർ ഫൈനല്‍ വരെ എത്തുന്നവർക്കും മുൻ ലോകകപ്പുകളേക്കാള്‍ ഉയർന്ന തുക ലഭിക്കും.

 

48 ടീമുകളെ ഉള്‍ക്കൊള്ളുന്ന പുതിയ ഫോർമാറ്റിന്റെ ഭാഗമായി ആദ്യമായി ‘റൗണ്ട് ഓഫ് 32’ മത്സരങ്ങളും ലോകകപ്പിന്റെ ഭാഗമാകും. ഈ ഘട്ടത്തിലെത്തുന്ന ഓരോ ടീമിനും 11 മില്യണ്‍ ഡോളർ വീതം സമ്മാനമായി ലഭിക്കും. മുൻപ് 32 ടീമുകള്‍ മാത്രമുള്ള ലോകകപ്പില്‍ ഈ ഘട്ടം ഉണ്ടായിരുന്നില്ല.

 

ലോകകപ്പിന് യോഗ്യത നേടുന്ന ഓരോ ടീമിനും കുറഞ്ഞത് 12.5 മില്യണ്‍ ഡോളർ ഉറപ്പായും ലഭിക്കും. തയ്യാറെടുപ്പുകള്‍ക്കും പങ്കാളിത്തത്തിനുമായി നല്‍കുന്ന തുകയാണ് ഇത്. അതായത്, ഒരു മത്സരം പോലും ജയിക്കാതെ പുറത്തായാലും ടീമുകള്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉറപ്പാണ്.

 

എന്തുകൊണ്ട് സമ്മാനത്തുക വർധിപ്പിച്ചു?

 

സംഘടനയുടെ ശക്തമായ സാമ്പത്തിക നിലയാണ് ഈ വര്‍ധനയ്ക്ക് കാരണമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു. ഇത് അംഗ രാജ്യങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാന്‍ സഹായിക്കുന്നു.

 

ആദ്യഘട്ടത്തില്‍ 727 മില്യണ്‍ ഡോളർ വിതരണം ചെയ്യാനായിരുന്നു ഫിഫയുടെ തീരുമാനം. എന്നാല്‍ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന വമ്പൻ ടൂർണമെന്റിന്റെ വ്യാപ്തിയും വർധിച്ച വരുമാന സാധ്യതകളും കണക്കിലെടുത്ത് ആ തുക 871 മില്യണ്‍ ഡോളറായി ഉയർത്തുകയായിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.