സോളാര്‍ സ്ഥാപിക്കാനൊരുങ്ങുന്നവര്‍ക്ക് തിരിച്ചടി; പുതിയ നിയമം പ്രാബല്യത്തില്‍, ഒപ്പം വിലയും ഉയരും
ഡല്‍ഹി: സോളാർ നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ. ജൂണ്‍ ഒന്നുമുതല്‍ സോളാർ പാനലുകള്‍ക്ക് വില വർദ്ധിക്കും.ഇനി മുതല്‍ നെറ്റ്-മീറ്ററിംഗിലൂടെയും ഓപ്പണ്‍-ആക്സസ് ക്രമീകരണങ്ങളിലൂടെയും ബന്ധിപ്പിച്ചിരിക്കുന്ന സോളാർ പ്രോജക്ടുകള്‍ക്ക് ആഭ്യന്തരമായി നിർമ്മിച്ച സോളാർ സെല്ലുകള്‍ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഈ നീക്കം ഇന്ത്യയുടെ സോളാർ നിർമ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ചൈനയില്‍ നിന്നുള്‍പ്പെടെയുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
സർക്കാരിന്റെ പുതിയ തീരുമാനം സോളാർ സ്ഥാപിക്കുന്നതിനുള്ള ചെലവ് വർദ്ധിപ്പിക്കും. കൂടാതെ സപ്ളൈ കഠിനമാക്കുകയും ഇറക്കുമതി ഉത്പന്നങ്ങളെ ആശ്രയിക്കുന്ന കമ്പനികളെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും.
സോളാർ പാനലുകളില്‍ ഉപയോഗിക്കുന്ന സോളാർ സെല്ലുകള്‍ സർക്കാർ അംഗീകൃത നിർമാതാക്കളില്‍ നിന്നുള്ളവയായിരിക്കണം. പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന പ്രകാരമുള്ള ഇൻസ്റ്റാളേഷനുകള്‍ ഉള്‍പ്പെടെ നെറ്റ്-മീറ്ററിംഗ് ക്രമീകരണങ്ങള്‍ക്ക് കീഴിലുള്ള സോളാർ പദ്ധതികള്‍ക്ക് ഈ നിയമം ബാധകമാണ്. നിർമാതാക്കള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും പുതിയ നിയമം ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തിലായിയെന്ന് അറിയിച്ചിരിക്കുകയാണ് സർക്കാർ.
പുതിയ നിയമം പ്രാബല്യത്തിലായതോടെ സോളാർ ഇൻസ്റ്റാളേഷനുകള്‍ക്ക് കിലോവാട്ടിന് ഏകദേശം 3000 രൂപവരെ വർദ്ധിക്കും. ഇറക്കുമതി ചെയ്യുന്ന സോളാർ സെല്ലുകളെ അപേക്ഷിച്ച് ആഭ്യന്തരമായി നിർമ്മിക്കുന്ന സോളാർ സെല്ലുകളുടെ വില ഗണ്യമായി കൂടുതലായതിനാലാണ് വില വർദ്ധിക്കുന്നത്. ഇതോടെ സാധാരണയായി ഉപയോഗിക്കപ്പെടുന്ന അഞ്ച് കിലോവാട്ട് സോളാറിന് ഏകദേശം 15000 രൂപയുടെ അധിക ചെലവ് വരാം.
