ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി, ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ; കേസ് ഗൗരവമുള്ളതെന്ന് കോടതി
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് കോടതിയില്‍ തിരിച്ചടി. ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രധാന നിരീക്ഷണം നടത്തിയത്. പ്രതികള്‍ക്കെതിരെ വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തല്‍, കൂടാതെ പി ഡി പി പി വകുപ്പുടക്കം ചുമത്തിയിട്ടുണ്ട്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാല്‍ പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ല എന്ന് പ്രതിഭാഗവും കോടതിയില്‍ ഉന്നയിച്ചു.
മൊത്തം 25 പ്രതികള്‍ പിടിയില്‍
അതേസമയം തലസ്ഥാനത്ത് ഇ ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസില്‍ ആറു പ്രതികള്‍ കൂടി ഇന്നലെ രാത്രി അറസ്റ്റിലായിരുന്നു. ആറ്റുകാല്‍ മുൻ കൗണ്‍സിലർ ഉണ്ണികൃഷ്ണൻ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 25 ആയിരുന്നു. ഇനിയും അറസ്റ്റുകള്‍ തുടരുമെന്ന് സിറ്റി പൊലിസ് കമ്മീഷണർ അറിയിച്ചു. അതിനിടെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം നല്‍കാൻ ഡി ജി പിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നല്‍കിയിട്ടുണ്ട്.
