ഗുജറാത്തിനെ 29 റണ്‍സിന് വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത
കൊല്‍ക്കത്ത : ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ 29 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് കൊല്‍ക്കത്തയുടെ പോരാട്ട വീര്യത്തിന് മുന്നില്‍ വീഴുകയായിരുന്നു. 29 റണ്‍സിനാണ് കൊല്‍ക്കത്ത ഈഡൻ ഗാർഡൻസില്‍ ജയിച്ചു കയറിയത്. മികച്ച ബാറ്റിങും ഭേദപ്പെട്ട ബൗളിംഗും പുറത്തെടുത്ത അവർ ഈഡനില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് ഗുജറാത്തിനെ കീഴടക്കിയത്.
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ജോസ് ബട്‌ലറും ചേര്‍ന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതിനിടെ പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ മതീഷ പതിരാന ഒരു പന്ത് എറിഞ്ഞ ശേഷം പരിക്കേറ്റ് മടങ്ങിയത് കൊല്‍ക്കത്തയ്ക്ക് പ്രഹരമായി. പവര്‍ പ്ലേയില്‍ ഗുജറാത്ത് 56 റണ്‍സ് നേടി. എട്ടാം ഓവറില്‍ അനുകൂല്‍ റോയിക്കെതിരെ രണ്ട് സിക്സും ഫോറും പറത്തിയ ഗില്‍ ഗിയര്‍ മാറ്റിയെങ്കിലും ബട്‌ലര്‍ താളം കണ്ടെത്താന്‍ പാടുപെട്ടത് ഗുജറാത്തിന് തിരിച്ചടിയായി. പത്തോവറില്‍ ഗുജറാത്ത് 100 കടന്നു. പതിനൊന്നാം ഓവറില്‍ 31 പന്തില്‍ ഗില്‍ അര്‍ധസെഞ്ചുറി തികച്ചു. പതിനാലാം ഓവര്‍ എറിയാനെത്തിയ വരുണ്‍ ചക്രവര്‍ത്തിയെ രണ്ട് സിക്സും രണ്ട് ഫോറും പറത്തി 22 റണ്‍സെടുത്ത ഗില്‍ ഗുജറാത്തിന് പ്രതീക്ഷ നല്‍കി. പിന്നാലെ കാര്‍ത്തിക് ത്യാഗിക്കെതിരെ സിക്സും ഫോറും പറത്തിയ ബട്‌ലര്‍ 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി.
എന്നാല്‍ പതിനേഴാം ഓവറിലെ രണ്ടാം പന്തില്‍ ഗില്ലിനെ(49 പന്തില്‍ 85) വീഴ്ത്തിയ സുനില്‍ നരെയ്ൻ ഗുജറാത്തിന്‍റെ പ്രതീക്ഷ കെടുത്തി. 73 പന്തില്‍ 128 റണ്‍സാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഗില്‍-ബട്‌ലര്‍ സഖ്യം അടിച്ചെടുത്തത്. ഗില്‍ മടങ്ങിയതിന് പിന്നാലെ സായ് സുദര്‍ശന്‍ വീണ്ടും ക്രീസിലിറങ്ങി അര്‍ധസെഞ്ചുറി നേടിയെങ്കിലും ഗുജറാത്തിന് ലക്ഷ്യത്തിലെത്താനായില്ല. പത്തൊമ്പതാം ഓവറില്‍ 35 പന്തില്‍ 57 റണ്‍സെടുത്ത ബട്‌ലറെ മടക്കി സൗരഭ് ദുബെ കൊല്‍ക്കത്തയുടെ ജയം ഉറപ്പിച്ചു.
നേരത്തെ ഗുജറാത്തിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഫിന്‍ അലന്‍റെയും അംഗ്രിഷ് രഘുവംശിയുടെയും കാമറൂണ്‍ ഗ്രീനിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തത്. 35 പന്തില്‍ 93 റണ്‍സെടുത്ത ഫിന്‍ അലനാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. അംഗ്രിഷ് രഘുവംശി 44 പന്തില്‍ 82 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 28 പന്തില്‍ 52 റണ്‍സെടുത്തു. ഗുജറാത്തിനായി മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റെടുത്തു.
