May 17, 2026

സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Share

 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴയാണ് ഈ പ്രദേശങ്ങളില്‍ പ്രതീക്ഷിക്കുന്നത്.

 

തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും സമീപ മധ്യപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 18 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതിനൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റടിച്ചേക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു.

 

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് നിലവിലെ പ്രവചനം. അതേസമയം, കേരളത്തില്‍ ഇത്തവണ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ മെയ് 26ഓടെ എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതില്‍ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.