May 16, 2026

മാനിനെ വേട്ടയാടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിൽ

Share

 

മാനന്തവാടി : മാനിനെ സംഘം ചേര്‍ന്ന് വേട്ടയാടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മാനന്തവാടി വരടിമൂല കിഴക്കയില്‍ ഷിനോജ് (46), കമ്മന വട്ടപ്പാറയില്‍ ബിജു (43) എന്നിവരെയാണ് ബേഗൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്.രഞ്ജിത്ത് കുമാര്‍, തിരുനെല്ലി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.വി ബിന്ദു, എം.മാധവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം അറസ്റ്റു ചെയ്തത്.

 

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാട്ടിക്കുളം വെള്ളാഞ്ചേരിയിലുള്ള എസ്‌റ്റേറ്റിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നു 1.3 കിലോ മാനിറച്ചിയുമായി ഷിനോജിനെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനും പങ്കുള്ളതായി വ്യക്തമായത്. ഷിനോജ് അറിയിച്ചതു പ്രകാരമാണ് ബിജു സുഹൃത്തുക്കളായ രാജേഷ്, അപ്പു, പ്രസാദ് എന്നിവര്‍ക്കൊപ്പം വെള്ളാഞ്ചേരിയിലെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുള്ള മൂന്നുപേരെ ഇതുവരെ പിടികൂടിയിട്ടില്ല. ഷിനോജിനേയും ബിജുവിനേയും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) റിമാന്‍ഡ് ചെയ്തു.

 

നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ പരിധിയില്‍ വരുന്ന സ്വകാര്യ എസ്‌റ്റേറ്റുകളും വനാതിര്‍ത്തിയും വന്യമൃഗവേട്ട നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് വനപാലകര്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നു കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്. രഞ്ജിത്ത് കുമാര്‍ പറഞ്ഞു.


Share
Copyright © All rights reserved. | Newsphere by AF themes.