വാഹനാപകടമുണ്ടായാല്‍ എത്ര സമയം വരെ ഇൻഷുറൻസ് കമ്പനിയെ വിവരമറിയിക്കാം…? സമയ പരിധിയെങ്ങനെ
വാഹനാപകടം സംഭവിച്ചതിന് പിന്നാലെ ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിച്ചില്ലെങ്കില്‍ ക്ലെയിം തള്ളിപ്പോകുമോ? പലർക്കും ഉള്ള സംശയമാണിത്. ഇതിന് ഉത്തരം നല്‍കുന്നതാണ് ഡീഷ സ്വദേശിയായ ദേബാനന്ദ പ്രുസ്തിയുടെ അനുഭവം. അദ്ദേഹത്തിന്റെ ഈ അനുഭവം പുതിയ ഒരു ചർച്ചയിലേക്ക് കൂടിയാണ് വഴി തുറക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയില്‍ ദേബാനന്ദ പ്രുസ്തിയുടെ ഹോണ്ട ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ടു. സൈലൻസറും ചേംബറും കേടായതോടെ ഏകദേശം 17,500 രൂപയുടെ നഷ്ടമുണ്ടായി. എന്നാല്‍ വാഹനത്തിനുണ്ടായ നാശനഷ്ടത്തേക്കാള്‍ വലിയ പ്രശ്നമായി മാറിയത് ഇൻഷുറൻസ് ക്ലെയിം നടപടികളായിരുന്നു.
അപകടം നടന്നതിന് 68 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രുസ്തി ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിച്ചത്. മകൻ സെമസ്റ്റർ പരീക്ഷകളില്‍ തിരക്കിലായിരുന്നതിനാലും ക്ലെയിം നടപടികള്‍ ഉടൻ പൂർത്തിയാക്കാനാകാതിരുന്നതിനാലുമാണ് വൈകിയതെന്നാണ് കുടുംബത്തിന്റെ വിശദീകരണം. എന്നാല്‍ അപകടവിവരം ഉടൻ അറിയിക്കണമെന്ന പോളിസി വ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി ക്ലെയിം തള്ളി. വൈകിയതിനാല്‍ അപകടത്തിലുണ്ടായ നാശനഷ്ടം ശരിയായി പരിശോധിക്കാനുള്ള അവസരം നഷ്ടമായെന്നും കമ്പനി വാദിച്ചു.
തുടർന്ന് പ്രുസ്തി ഇൻഷുറൻസ് ഒംബുഡ്സ്മാനെ സമീപിച്ചു. കേസ് പരിശോധിച്ച ഒംബുഡ്സ്മാൻ വൈകിയതിനുള്ള വിശദീകരണം ന്യായമാണെന്ന് കണ്ടെത്തി. മാത്രമല്ല, ഇൻഷുറൻസ് കമ്പനി നേരത്തേ തന്നെ സർവേ നടത്തി ഏകദേശം 17,400 രൂപ നഷ്ടമുണ്ടെന്ന് വിലയിരുത്തിയതും ഒംബുഡ്സ്മാൻ പരിഗണിച്ചു. ഒടുവില്‍ ക്ലെയിം തീർപ്പാക്കാൻ കമ്പനിയോട് നിർദേശം നല്‍കുകയായിരുന്നു.
അപകടവിവരം അറിയിക്കാൻ സമയ പരിധിയുണ്ടോ ?
മിക്ക വാഹന ഇൻഷുറൻസ് പോളിസികളിലും അപകടവിവരം “ഉടൻ” അറിയിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ “ഉടൻ” എന്നതിന്റെ കൃത്യമായ സമയപരിധി വ്യക്തമാക്കിയിട്ടില്ല. ഇതാണ് പല തർക്കങ്ങള്‍ക്കും കാരണം. സാധാരണയായി 24 മുതല്‍ 72 മണിക്കൂറിനുള്ളില്‍ വിവരം അറിയിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ഡിജിറ്റല്‍ ഇൻഷുറൻസ് പ്ലാറ്റ്ഫോമായ കവർഷ്യൂറിന്റെ സ്ഥാപകനും സിഇഒയുമായ സൗരഭ് വിജയ്വെർജിയ പറയുന്നു. ക്യാഷ്‌ലെസ് ഗാരേജ് ക്ലെയിമുകള്‍ സാധാരണ 24 മണിക്കൂറിനുള്ളിലും, വലിയ അപകടങ്ങള്‍ അതേ ദിവസം അല്ലെങ്കില്‍ അടുത്ത പ്രവൃത്തി ദിവസവും റിപ്പോർട്ട് ചെയ്യാറുണ്ട്.
അതേസമയം, വൈകിയെന്ന കാരണമാത്രം ചൂണ്ടിക്കാട്ടി എല്ലാ ക്ലെയിമുകളും തള്ളുന്നില്ലെന്ന് വിദഗ്ധർ പറയുന്നു. അപകടത്തില്‍ വന്ന നഷ്ടം പരിശോധിക്കാൻ വൈകിയത് തടസമായോയെന്നതാണ് ഇൻഷുറൻസ് കമ്പനികള്‍ പ്രധാനമായി നോക്കുന്നത്. വാഹനം മുൻകൂട്ടി റിപ്പയർ ചെയ്തിട്ടുണ്ടോ, അപകടസ്ഥലം മാറിയിട്ടുണ്ടോ, രേഖകളില്‍ വൈരുധ്യമുണ്ടോയെന്നതും പരിശോധിക്കും.
അതേസമയം, ആശുപത്രിവാസം, അകന്ന പ്രദേശങ്ങളില്‍ കുടുങ്ങിപ്പോയത്, നെറ്റ്‌വർക്ക് ഇല്ലായ്മ തുടങ്ങിയ സാഹചര്യങ്ങള്‍ വൈകിയതിന് ശക്തമായ ന്യായീകരണങ്ങളായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ചെറിയ അപകടങ്ങള്‍, യാത്ര, പരീക്ഷകള്‍ തുടങ്ങിയവ ശക്തമല്ലാത്ത കാരണങ്ങള്‍ ആയി വിലയിരുത്തപ്പെടാമെന്നും വിദഗ്ധർ പറയുന്നു.
ക്ലെയിം തള്ളാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അപകടത്തിന് പിന്നാലെ ഇൻഷുറൻസ് സർവേയർ പരിശോധന നടത്തുന്നതിന് മുമ്പ് ഒരിക്കലും വാഹനം റിപ്പയർ ചെയ്യരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. ഇത് നഷ്ടം സ്വതന്ത്രമായി പരിശോധിക്കാനുള്ള സാധ്യത ഇല്ലാതാക്കും. അപകടസ്ഥലത്തിന്റെ ഫോട്ടോകളും വീഡിയോകളും പകർത്തുന്നതും പ്രധാനമാണ്. എഫ്‌ഐആർ വൈകുന്നത്, മൊഴികളില്‍ വൈരുധ്യമുണ്ടാകുന്നത് തുടങ്ങിയവയെല്ലാം ക്ലെയിമിനെ ദുർബലപ്പെടുത്തും.
ക്ലെയിം തള്ളിയാല്‍ എന്ത് ചെയ്യാം?
വൈകിയെന്ന കാരണത്താല്‍ ക്ലെയിം തള്ളിയാല്‍ ആദ്യം ഇൻഷുറൻസ് കമ്പനിയുടെ ഗ്രീവൻസ് റെഡ്രസല്‍ ഓഫീസറെ സമീപിക്കാം. പരിഹാരമില്ലെങ്കില്‍ ഐആർഡിഎഐയുടെ ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലെപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, ബിമ ഭാരോസ പ്ലാറ്റ്ഫോം, ഇൻഷുറൻസ് ഒംബുഡ്സ്മാൻ, ഉപഭോക്തൃ കോടതികള്‍ എന്നിവ വഴിയും പരാതി നല്‍കാം.
