May 10, 2026

വിദ്യാർഥികൾക്ക് ഒഎൻജിസി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Share

 

ഓയില്‍ ആൻഡ് നാച്വറല്‍ ഗ്യാസ് കോർപറേഷൻ നല്‍കുന്ന മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. അക്കാദമിക് മികവുള്ള വിദ്യാർഥികളില്‍ സാന്പത്തിക പ്രതിസന്ധിയുള്ളവർക്ക് വിവിധ വിഷയങ്ങളില്‍ ഉന്നത പഠനത്തിനാണ് ഒ എൻ ജി സി ഫൗണ്ടേഷൻ മെറിറ്റ് സ്കോളർഷിപ്പ് നല്‍കുന്നത്.

 

എസ് സി/ എസ് ടി, ഒ ബി സി, ജനറല്‍ (ഇ ഡബ്ല്യു എസ്) വിഭാഗങ്ങളിലായി 2,000 പേർക്ക് സ്‌കോളർഷിപ്പ് നല്‍കും. സ്കോളർഷിപ്പിന്റെ 30 ശതമാനം പെണ്‍കുട്ടികള്‍ക്ക് നീക്കിവെച്ചിട്ടുണ്ട്. ജനറല്‍, ഒ ബി സി കാറ്റഗറികളില്‍ 500 വീതവും എസ് സി/എസ് ടി വിഭാഗങ്ങളില്‍ 1,000 പേർക്കും അഞ്ച് സോണുകളായി (നോർത്ത്, വെസ്റ്റ്, നോർത്ത് ഈസ്റ്റ്, ഈസ്റ്റ്, സൗത്ത്) തിരിച്ചാണ് സ്കോളർഷിപ്പുകള്‍ വിതരണം ചെയ്യുന്നത്. കേരളം സൗത്ത് സോണിലാണ് ഉള്‍പ്പെടുന്നത്.

 

കോഴ്‌സുകള്‍

 

എൻജിനീയറിംഗ്, എം ബി ബി എസ്, എം ബി എ, ജിയോഫിസിക്സ്, ജിയോളജിയില്‍ മാസ്റ്റേഴ്സ് തുടങ്ങിയ കോഴ്‌സുകള്‍ക്കാണ് സ്കോളർഷിപ്പ് നല്‍കുന്നത്. എൻജിനീയറിംഗ്, എം ബി ബി എസ് കോഴ്സുകള്‍ നാല് വർഷവും എം ബി എ മാസ്റ്റേഴ്സ് (ജിയോളജി, ജിയോഫിസിക്സ്) പ്രോഗ്രാമുകള്‍ രണ്ട് വർഷവുമാണ്.

 

തുക

 

പ്രതിമാസം 4,000 രൂപ വെച്ച്‌ ഒരു വർഷം 18,000 രൂപ സ്കോളർഷിപ്പ് നല്‍കും. എൻജിനീയറിംഗ്, എം ബി ബി എസ് പഠനത്തിന് നാല് വർഷവും എം ബി എ, മാസ്റ്റേഴ്‌സ് കോഴ്‌സുകള്‍ക്ക് രണ്ട് വർഷവും സ്‌കോളർഷിപ്പ് ലഭിക്കും.

 

ഒ ബി സി

 

എൻജിനീയറിംഗ്- 300, എം ബി ബി എസ്- 50, എം ബി എ- 50, മാസ്റ്റേഴ്‌സ് (ജിയോളജി/ ജിയോഫിസിക്‌സ്- 100). അഞ്ച് സോണുകളിലായി 100 വീതമാണ് സ്കോളർഷിപ്പുകള്‍.

യോഗ്യത: എൻജിനീയറിംഗ്/എം ബി ബി എസ് കോഴ്‌സുകാർക്ക് 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ പ്ലസ്ടുവും പി ജി കോഴ്സിന് (ജിയോളജി/ജിയോഫിസിക്‌സ്/ എം ബി എ) 60 ശതമാനം മാർക്കോടെ ബിരുദവുമുണ്ടായിരിക്കണം. കുടുംബ വർഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്.

 

ജനറല്‍

 

എൻജിനീയറിംഗ് 300, എം ബി ബി എസ്- 50, മാസ്റ്റേഴ്സ് (ജിയോളജി/ ജിയോഫിസിക്സ് -100). അഞ്ച് സോണുകളിലായി 100 വീതമാണ് സ്‌കോളർഷിപ്പുകള്‍.

യോഗ്യത: എൻജിനീയറിംഗ് /എം ബി ബി എസ് കോഴ്‌സുകള്‍ക്ക് 60 ശതമാനം മാർക്ക് / തത്തുല്യ ഗ്രേഡോടെ പ്ലസ്ടുവും പി ജി കോഴ്സിന് (ജിയോളജി/ജിയോഫിസിക്‌സ്/ എം ബി എ) 60 ശതമാനം മാർക്കോടെ ബിരുദവുമുണ്ടായിരിക്കണം. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്.

 

നിബന്ധന

 

എ ഐ സി ടി ഇ/എം സി ഐ/യു ജി സി/ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്‌സിറ്റീസ്/സ്റ്റേറ്റ് എജ്യൂക്കേഷൻ ബോർഡ്/കേന്ദ്ര, സംസ്ഥാന അംഗീകൃത സ്ഥാപനങ്ങളിലായിരിക്കണം കോഴ്സ് പഠിക്കേണ്ടത്. ഫുള്‍ ടൈം റെഗുലർ കോഴ്സിന് പഠിക്കുന്ന ആദ്യവർഷക്കാരായിരിക്കണം. പ്രായപരിധി 30 വയസ്സ്. ഏത് സോണിലേക്കാണ് അപേക്ഷിക്കുന്നതെന്ന് അപേക്ഷയില്‍ വ്യക്തമാക്കണം.

 

തിരഞ്ഞെടുപ്പ്

 

യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തുല്യ മാർക്ക് വന്നാല്‍ കുറഞ്ഞവരുമാനമുള്ളവരെ പരിഗണിക്കും. ബി പി എല്‍ വിഭാഗക്കാർക്ക് മുൻഗണനയുണ്ട്. അവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും.

 

അപേക്ഷ

 

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ നാഷനല്‍ സ്കോളർഷിപ്പ് പോർട്ടല്‍ (scholarships.gov.in) വഴി രജിസ്റ്റർ ചെയ്തതിന് ശേഷം വേണം അപേക്ഷിക്കാൻ. അപേക്ഷ സമർപ്പിക്കുമ്പോള്‍ എൻ എസ് പി പോർട്ടലില്‍ നിന്ന് ലഭിക്കുന്ന ഒ ടി ആർ (വണ്‍-ടൈം രജിസ്‌ട്രേഷൻ) നമ്പർ ആവശ്യമാണ്. യോഗ്യത, പ്രായം, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, കോളജ് ഐ ഡി കാർഡ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷാ സമർപ്പണത്തിനും അനുബന്ധ വിവരങ്ങള്‍ക്കും ഒ എൻ ജി സി ഫൗണ്ടേഷന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തീയതി ഈമാസം 15. വെബ്‌സൈറ്റ്: www.ongcscholar.org.

 


Share
Copyright © All rights reserved. | Newsphere by AF themes.