കിണര്‍ പണിക്കിടെ സൂര്യാതപമേറ്റ് യുവാവിന് ദാരുണാന്ത്യം
കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം.വി (37) ആണ് മരിച്ചത്. കിണർ കുഴിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. സൂര്യാതപമെന്ന് ഡോക്ടർമാർ പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നു.
അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുകയും സാധാരണ താപനിലയെക്കാള്‍ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
