April 23, 2026

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് പാമ്പ് ; എട്ടു വയസ്സുകാരന്‍ വീട്ടിനുള്ളില്‍ കടിയേറ്റ് മരിച്ചു 

Share

 

തിരുവനന്തപുരം : സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ചിറയിന്‍കീഴില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. അഴൂര്‍ സ്വദേശികളായ ദിലീപ് – അനു ദമ്പതികളുടെ മകന്‍ ദില്‍ഷന്‍ ആണ് ദാരുണമായി മരണപ്പെട്ടത്. നാല് ദിവസത്തിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ പാമ്പുകടി മരണമാണിത്.

 

വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ദില്‍ഷന്റെ കാലില്‍ എന്തോ കടിക്കുന്നത് പോലെ തോന്നുകയായിരുന്നു. കുട്ടി ഉണര്‍ന്ന് വിവരം പറഞ്ഞ ഉടന്‍ തന്നെ വീട്ടുകാര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയില്‍ എത്തും മുന്‍പേ മരണം സംഭവിക്കുകയായിരുന്നു.

 

അപകടത്തിന് പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, കുട്ടി ഉറങ്ങിക്കിടന്ന മുറിയില്‍ നിന്ന് തന്നെ ഒരു മൂര്‍ഖന്‍ പാമ്പിനെ നാട്ടുകാര്‍ പിടികൂടി. ഈ പാമ്പ് തന്നെയാണ് കുട്ടിയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

വേനല്‍ കടുത്തതോടെ പാമ്പുകള്‍ ജനവാസ മേഖലകളിലേക്കും വീടുകള്‍ക്കുള്ളിലേക്കും ഇറങ്ങുന്നത് വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തൃശൂരിലും സമാനമായ രീതിയില്‍ പാമ്പുകടിയേറ്റ് ഒരു മരണം സംഭവിച്ചിരുന്നു. നാല് ദിവസത്തിനിടെ മൂന്ന് ജീവനുകള്‍ പാമ്പുകടിയേറ്റ് പൊലിഞ്ഞത് ആരോഗ്യവകുപ്പിനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. അതിലൊന്ന് തിരുവനന്തപുരത്തായിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.