April 19, 2026

വിജയക്കുതിപ്പ് തുടർന്ന് പഞ്ചാബ് റണ്‍മലയ്ക്കു മുൻപിൽ എല്‍എസ്ജിക്ക് ഹാട്രിക് തോല്‍വി

Share

 

ചണ്ഡീഗഡ് : 19ാം ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ വിജയക്കുതിപ്പ് തടയാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനുമായില്ല. റണ്‍മഴ കണ്ട പോരാട്ടത്തില്‍ എല്‍എസ്ജിയെ 54 റണ്‍സിനാണ് പഞ്ചാബ് കെട്ടുകെട്ടിച്ചത്. ഈ ജയത്തോടെ 11 പോയിന്റോടൈ പഞ്ചാബ് ഒന്നാംസ്ഥാനം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഹാട്രിക് തോല്‍വിയേറ്റു വാങ്ങിയ എല്‍എസ്ജി എട്ടാംസ്ഥാനത്തു തന്നെയാണ്.

 

ഹോംഗ്രൗണ്ടില്‍ പഞ്ചാബിന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ എല്‍എസ്ജിയുടെ പരാജയം കുറിക്കപ്പെട്ടിരുന്നു. കാരണം 255 റണ്‍സെന്ന അസാധ്യമായ പടുകൂറ്റന്‍ ലക്ഷ്യമാണ് അവര്‍ക്കു ശ്രേയസ് അയ്യരും സംഘവും നല്‍കിയത്. എല്‍എസ്ജിയുടെ ചേസ് എത്രത്തോളമെത്തുമെന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ.

 

 

കളിയുടെ ഒരു ഘട്ടത്തിലും എല്‍എസ്ജി റണ്‍ചേസില്‍ ഭീഷണിയുയര്‍ത്തിയില്ല. അഞ്ചു വിക്കറ്റിനു 200 റണ്‍സുമായി അവര്‍ മല്‍സരവും അടിയറ വച്ചു. ക്യാപ്റ്റന്‍ റിഷഭ് പന്ത് (43), എയ്ഡന്‍ മാര്‍ക്രം (42) മിച്ചെല്‍ മാര്‍ഷ് (40), ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച ആയുഷ് ബഡോനി (35), മുകുള്‍ ചൗധരി (21*) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയവര്‍.

 

മാര്‍ഷ്- ബഡോനി ഓപ്പണിങ് ജോടി മികച്ച തുടക്കമാണ് റണ്‍ചേസില്‍ എല്‍സ്ജിക്കു നല്‍കിയത്. 36 ബോളില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഈ സഖ്യത്തിനു കഴിഞ്ഞു. എന്നാന്‍ ബഡോനി പുറത്തായ ശേഷം അഞ്ചാം വിക്കറ്റില്‍ മാര്‍ക്രം-മുകുള്‍ ജോടി 33 ബോളില്‍ 60 റണ്ണെടുത്തെങ്കിലും ജയിക്കാന്‍ അതൊന്നും മതിയായിരുന്നില്ല. പഞ്ചാബിനായി മാര്‍ക്കോ യാന്‍സണ്‍ രണ്ടു വിക്കറ്റുകളെടുത്തു.

 

ആദ്യം ബാറ്റിങിനു അയക്കപ്പെട്ട ശേഷം അക്ഷരാര്‍ഥത്തില്‍ പഞ്ചാബ് കിങ്‌സിന്റെ റണ്‍മഴയ്ക്കാണ് ന്യൂചണ്ഡീഗഡിലെ സ്റ്റേഡിയം സാക്ഷിയായത്. ഏഴു വിക്കറ്റുകള്‍ നഷ്ടത്തിലാണ് അവര്‍ 254 റണ്‍സെന്ന പടുകൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തത്. ഇതിനു സഹായിച്ചത് പ്രിയാന്‍ഷ് ആര്യയുടെയും (93) വണ്‍ഡൗണായി കളിച്ച കൂപ്പര്‍ കോണ്‍ലിയുടെയും (87) വെടിക്കെട്ട് ഇന്നിങ്‌സുകളാണ്.

 

വെറും 37 ബോളില്‍ ഒമ്പതു കൂറ്റന്‍ സിക്‌സറും നാലു ഫോറുകമള്‍പ്പെട്ടതാണ് പ്രിയാന്‍ഷിന്റെ ഇന്നിങ്‌സ്. ആദ്യ ഐപിഎല്‍ സീസണ്‍ കളിക്കുന്ന കോണ്‍ലിക്കു 87 റണ്‍സിലെത്താന്‍ 46 ബോളുകളേ ആവശ്യമായുള്ളൂ. എട്ടു ഫോറും ഏഴു സികസറുമടക്കമാണിത്.

 

 

 

ഞെട്ടലോടൊയിരുന്നു പഞ്ചാബിന്റെ തുടക്കം. മൂന്നാമത്തെ ബോളില്‍ തന്നെ പ്രഭ്‌സിമ്രന്‍ സിങിനെ (ഗോള്‍ഡന്‍ ഡെക്ക്) മുഹമ്മദ് ഷമി മടക്കിയിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ വമ്പന്‍ കൂട്ടുകെട്ടുമായി പ്രിയാന്‍ഷ്-കോണ്‍ലി ജോടി മല്‍സരം എല്‍എസ്ജിയില്‍ നിന്നും തട്ടിയകറ്റി. ഇരുവരും ചേര്‍ന്ന് വാരിക്കൂട്ടിയത് 182 റണ്‍സാണ്. വെറും 80 ബോളുകളിലാണിത്. 14ാം ഓവറില്‍ കോണ്‍ലി മടങ്ങുമ്പോഴേക്കും ടീം 250 പ്ലസ് സ്‌കോര്‍ ഉറപ്പാക്കിയിരുന്നു.

 

കോൺലിയും പ്രിയാന്‍ഷും അടുത്തടുത്ത ഓവറുകളിലാണ് പുറത്തായത്. നായകന്‍ ശ്രേയസ് അയ്യർ (5) നിരാശപ്പെടുത്തി. എന്നാല്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിന്റെ (16 ബോളില്‍ 29) ടീം ടോട്ടല്‍ 250 കടത്തുന്നതില്‍ നിര്‍ണായകമായി മാറി. ശശാങ്ക് സിങ് (17), നെഹാല്‍ വദേര (13) എന്നിവരും ഭേദപ്പെട്ട ഇന്നങ്‌സുകള്‍ കളിച്ചു.

 

പ്ലെയിങ് 11

 

പഞ്ചാബ് കിങ്‌സ്- പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കോണ്‍ലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, മാര്‍ക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിംഗ്, മാര്‍ക്കോ യാന്‍സണ്‍, സേവ്യര്‍ ബാട്‌ലെറ്റ്, ഹര്‍പ്രീത് ബ്രാര്‍.

 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- മിച്ചെല്‍ മാര്‍ഷ്, ഐഡന്‍ മര്‍ക്രം, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍, ആയുഷ് ബഡോണി, മുകുള്‍ ചൗധരി, എം സിദ്ധാര്‍ഥ്, മുഹമ്മദ് ഷമി, ആവേശ് ഖാന്‍, പ്രിന്‍സ് യാദവ്,

 

 


Share
Copyright © All rights reserved. | Newsphere by AF themes.