July 22, 2026

കളി മറന്ന ഫ്രാൻസിനെ നിഷ്പ്രഭമാക്കി യമാലും കൂട്ടരും : എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രഞ്ച് പടയെ തുരത്തി സ്‌പെയിന്‍ ലോകകപ്പ് ഫൈനലിൽ 

Share

 

ടെക്‌സസ് : ഫിഫ ലോകകപ്പില്‍ ഹാട്രിക് ഫൈനല്‍ മോഹിച്ചെത്തിയ ഫ്രാന്‍സിനെ തകര്‍ത്തെറിഞ്ഞ് സ്‌പെയിന്‍ ഫൈനലിലേക്ക്.

ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന യൂറോപ്യന്‍ പവര്‍ഹൗസുകളുടെ പോരില്‍ കിലിയന്‍ എംബാപ്പെയെയും സംഘത്തയും സ്പാനിഷ് പട നിഷ്പ്രഭരാക്കി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സിനെ അവര്‍ തീര്‍ത്തത്.

 

ഇരുപകുതികളിലുമായി മൈക്കല്‍ ഒയര്‍സാബല്‍ (22), പെഡ്രോ പോറോ (58) എന്നിവരുടെ ഗോളുകളിലേറിയാണ് സ്‌പെയിന്‍ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. 2010 ല്‍ ആദ്യ ലോകകിരീടം ചൂടിയ ശേഷമുള്ള സ്‌പെയിനിന്റെ ആദ്യ ഫൈനല്‍ കൂടിയാണിത്. അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിയിലെ വിജയികളുമായാണ് കലാശക്കളിയില്‍ സ്‌പെയിന്‍ ഏറ്റുമുട്ടുക.

 

 

ഇരുപകുതികളിലും സ്‌പെയിനിന്റെ സര്‍വാധിപത്യം തന്നെയാണ് കണ്ടത്. പന്തടക്കത്തിലും ആക്രമണത്തിലും പ്രതിരോധത്തിലുമെല്ലാം അവര്‍ ഒരുപോലെ മികവ് പുലര്‍ത്തി. തങ്ങളുടെ സുവര്‍ണകാലത്തേക്കു മടങ്ങിവരുന്നതിന്റെ സൂചന കൂടിയാണ് ഈ കളിയിലെ മാജിക്കല്‍ പ്രകടനത്തിലൂടെ ലാ റോജാസ് നല്‍കിയത്. മറുഭാഗത്ത് ടൂര്‍ണമെന്റിലെ മുന്‍ മല്‍സരങ്ങളില്‍ കണ്ട ഫ്രഞ്ച് ടീമിന്റെ നിഴല്‍ മാത്രമായിരുന്നു ഈ കളിയിലേത്. ആദ്യ പകുതിയില്‍ എംബാപ്പെയെ ബോള്‍ കാര്യമായി തൊടാന്‍ പോലും സ്‌പെയിന്‍ അനുവദിച്ചില്ല.

 

 

ഇരുടീമുകളും വളരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. വലിയൊരു കടന്നാക്രമണത്തിനു തുനിയാതെ മധ്യനിരയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വച്ച്‌ കളിക്കാനായിരുന്നു ഇരുടീമുകളുടെയും ശ്രമം.

ഏഴാം മിനിറ്റില്‍ ഫ്രാന്‍സിനാണ് സെമി ഫൈനലിലെ ആദ്യ കോര്‍ണര്‍ കിക്ക് ലഭിച്ചത്. പക്ഷെ ഇടതുമൂലയില്‍ നിന്നുള്ള ഒലീസെയുടെ കോര്‍ണര്‍ കിക്ക് സ്‌പെയിന്‍ ക്ലിയര്‍ ചെയ്തതോട അപകടമൊഴിവാകുകയും ചെയ്തു.

11ാം മിനിറ്റില്‍ ബോക്‌സിനു തൊട്ടരികെ വച്ച്‌ സ്‌പെയിനിനു അനുകൂലമായി ഫ്രീകിക്ക്. ഡാനി ഓല്‍മോയ്‌ക്കെതിരായ റാബിയറ്റിന്റെ ഫൗളിനെ തുടര്‍ന്നായിരുന്നു ഇത്. പക്ഷെ വളരെ മികച്ച പൊസിഷനില്‍ നിന്നും ലഭിച്ച ഈ അവസരം മുതലാക്കാന്‍ സ്‌പെയിനിനായില്ല. ബെയ്‌നയുടെ ഫ്രീകിക്ക് ഫ്രഞ്ച് മതിലില്‍ തട്ടി തകരുകയായിരുന്നു.

 

22ാം മിനിറ്റില്‍ ഫ്രാന്‍സിനെ ഞെട്ടിച്ചുകൊണ്ട് കളിയില്‍ സ്‌പെയിന്‍ മുന്നിലെത്തി. ഫ്രഞ്ച് ബോക്‌സിലേക്കു താഴ്ന്നിറങ്ങിയ ഹൈ ബോള്‍. ഇതു റാഞ്ചിയെടുക്കാന്‍ വലതു വിങിലൂടെ പറന്നെത്തിയ ലാമിന്‍ യമാല്‍. ഇതിനിടെ ഈ ബോള്‍ ക്ലിയര്‍ ചെയ്യാനുള്ള ഫ്രഞ്ച് താരം ഡിഗ്നെയുടെ ശ്രമം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.

ഡിഗ്നെ ബോളിലേക്കു വീശിയ ഇടം കാല്‍ നേരെ കൊണ്ടത് യമാലിന്റെ ദേഹത്താണ്. ഇതോടെ റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കും വിരല്‍ ചൂണ്ടി. ഒയര്‍സാബലാണ് സ്പാനിഷ് പടയ്ക്കായി കിക്കെടുക്കാനെത്തിയത്.

ഗോള്‍കീപ്പര്‍ മെയ്ഗനന്‍ ദിശ മനസ്സിലാക്കി കൃത്യം ഇടതു വശത്തേക്കു തന്നെ ഡൈവ് ചെയ്‌തെങ്കിലും ഒയര്‍സാബലിന്റെ പവര്‍ഫുള്‍ കിക്ക് വലയില്‍ തുളഞ്ഞു കയറി (1-0). ഈ ലോകകപ്പില്‍ ഫ്രാന്‍സിനു ആദ്യം ലീഡ് വഴങ്ങേണ്ടി വന്നതും ഇതാദ്യമായാണ്.

 

ലീഡ് വഴങ്ങിയ ശേഷവും ഗോള്‍ മടക്കാനുള്ള കാര്യമായ ശ്രമങ്ങള്‍ ഫ്രാന്‍സിന്റെ ഭാഗത്തു നിന്നും കണ്ടില്ല. ഇതിനിടെ രണ്ടാം ഗോളും വഴങ്ങുന്നതില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്തു. 37ാം മിനിറ്റിലായിരുന്നു ഇത്. ഫ്രഞ്ച് പ്രതിരോധത്തിനു മുകളിലൂടെ താഴ്ന്നിറങ്ങിയ ബോള്‍ ബെയ്‌നയുടെ കാലില്‍. ഇതു തടയാനായി ഗോളി മെയ്ഗനന്‍ കുതിച്ചെത്തി. ഭാഗ്യവശാല്‍ ഇതു ഓഫ് സൈഡ് വിളിക്കപ്പെട്ടതോടെ ഫ്രാന്‍സിനു ആശ്വാസം. തുടന്നും സ്‌പെയിന്‍ തന്നെയായിരുന്നു കളിയില്‍ മികച്ചുനിന്നത്. 39ാം മിനിറ്റില്‍ അവരുടെ നല്ലൊരു നീക്കം കണ്ടു. ഓല്‍മോയും യമാലും വണ്‍ ടു വണ്‍ പാസ് കളിച്ച്‌ ഫ്രാന്‍സിനെ വട്ടം കറക്കുന്നു. യമാലിന്റെ പാസ് റൂയിസിന്. പക്ഷെ ബോക്‌സിനു തൊട്ടരികെ നിന്നും റൂയിസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക്.

 

 

ഗോള്‍കീപ്പറെ പരീക്ഷിക്കുന്ന കാര്യമായ ഗോള്‍ ശ്രമങ്ങളൊന്നും ഫ്രാന്‍സിന്റെ ഭാഗത്തു നിന്നുണ്ടായില്ല. 43ാം മിനിറ്റില്‍ ഇടതു വിങിലൂടെ ഫ്രാന്‍സിന്റെ ഒരു മിന്നല്‍ മുന്നേറ്റം. പക്ഷെ കിലിയന്‍ എംബാപ്പെ ആ ബോളിലേക്കു എത്തും മുമ്പ് തന്നെ പുറത്തേക്കു ഏറെ ദൂരം മുന്നോട്ട് കയറി വന്ന ഗോളി ഉനൈ സൈമണ്‍ അതു ക്ലിയര്‍ ചെയ്തതോടെ ഫ്രാന്‍സിന് നിരാശ. 1-0ന്റെ ലീഡുമായി തന്നെ ആദ്യ പകുതി അവസാനിപ്പിക്കാന്‍ സ്‌പെയിനിനു സാധിക്കുകയും ചെയ്തു.

 

 

രണ്ടാം പകുതിയില്‍ ഫ്രാന്‍സിന്റെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ആദ്യ പകുതിയിലെ അതേ തണുപ്പന്‍ കളി തന്നെ അവര്‍ തുടര്‍ന്നു. സ്‌പെയിനാവട്ടെ ഒന്നാം പകുതിയില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെ തുടങ്ങുകയും ചെയ്തു. 58ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ തിരിച്ചുവരവ് സാധ്യതകള്‍ ദുഷ്‌കരമാക്കി ഡിഫന്‍ഡര്‍ പെഡ്രോ പോറോ സ്‌പെയിനിന്റെ ലീഡുയര്‍ത്തി.

ബോക്‌സിനു തൊട്ടരികില്‍ വച്ച്‌ ഓല്‍മോയുമായി വണ്‍ടച്ച്‌ പാസ് കളിച്ച ശേഷം വലതു വിങിലൂടെ പോറോ അകത്തേക്കു കയറിയപ്പോള്‍ മുന്നില്‍ ഗോളി മാത്രം. പോറോയുടെ കിടിലന്‍ വലംകാല്‍ ഷോട്ട് ഗോളി മെയ്ഗനന് തൊടാന്‍ പോലുമാവാതെ വലയില്‍ തുളഞ്ഞുകയറി (2-0).

 

സ്‌പെയിന്‍ 11- ഉനൈ സൈമണ്‍ (ഗോള്‍കീപ്പര്‍), പെഡ്രോ പോറോ, പൗ കുബാര്‍സി, അയ്‌മെറിക് ലാപോര്‍ട്ടെ, മാര്‍ക്ക് കുക്കുറെല്ല, റോഡ്രി (ക്യാപ്റ്റന്‍), ഫാബിയന്‍ റൂയിസ്, ലാമിന്‍ യമാല്‍, ഡാനി ഓള്‍മോ, അലക്‌സ് ബെയ്‌ന, മൈക്കല്‍ ഒയാര്‍സബല്‍.

 

ഫ്രാന്‍സ് 11- മൈക്ക് മൈഗ്‌നന്‍ (ഗോള്‍കീപ്പര്‍); ജൂള്‍സ് കൌണ്ടെ, ദയോത് ഉപമെക്കാനോ, വില്യം സാലിബ, ലൂക്കാസ് ഡിഗ്‌നെ, ഔറെലിയന്‍ ഷൊമേനി, അഡ്രിയന്‍ റാബിയറ്റ്, ഒസ്മാന്‍ ഡെംബെലെ, മൈക്കല്‍ ഒലിസ്, ബ്രാഡ്‌ലി ബാര്‍കോള; കിലിയന്‍ എംബാപ്പെ (ക്യാപ്റ്റന്‍).

 

 


Share
Copyright © All rights reserved. | Newsphere by AF themes.