തലയണയുടെ അടിയില്‍ വിഷപ്പാമ്പ് ; ഉറങ്ങിക്കിടക്കുന്നതിനിടെ കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം, സഹോദരൻ്റെ നില അതീവ ഗുരതരം
തൃശ്ശൂർ : തൃശ്ശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ് കടിയേറ്റു. അനോജ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുട്ടികള്‍ കിടന്ന മുറിയിലെ തലയണയ്ക്കടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തി.
ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് രണ്ട് കുട്ടികള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം ഒരു അവകാഡോ ജ്യൂസ് കുടിച്ച ശേഷമായിരുന്നു കുട്ടികള്‍ കിടന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ അടക്കം എല്ലാവരും കരുതിയത് ഭക്ഷ്യവിഷബാധയായിരിക്കാം എന്നാണ്. പിന്നാലെ ചാലക്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കുട്ടികളെ എത്തിക്കുകയായിരുന്നു. അപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമാകുന്നത്. രണ്ട് കുട്ടികളുടെയും ശരീരത്തില്‍ പാമ്പ് കടിയേറ്റതിൻ്റെ അടയാളവും കണ്ടെത്തി. ആശുപത്രിയില്‍ വെച്ചുതന്നെ ആല്‍ജോ മരിക്കുകയായിരുന്നു. ആല്‍ജോയുടെ ജ്യേഷ്ഠൻ അനോജിനും പാമ്പ് കടിയേറ്റു. അനോജിൻ്റെ നില ഗുരുതരമാണ്.
നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളില്‍ വിശദമായി നടത്തിയ തിരച്ചിലിലാണ് കുട്ടികള്‍ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയത്. ശങ്കുവരയൻ/ വെള്ളിക്കെട്ടൻ ഇനത്തില്‍പ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്. അനോജ് ഗുരുതരാവസ്ഥയില്‍ അങ്കമാലിയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
