എതിര്‍ ചക്രവാതം ദുര്‍ബലമാകുന്നു, സംസ്ഥാനത്ത് ഈ മാസം അവസാനത്തോടെ വേനല്‍ മഴയെത്തും
സംസ്ഥാനത്ത് ഈ മാസം അവസാനത്തോടെ വേനല്‍ ശക്തമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തിങ്കളാഴ്ചയോടെ കേരളത്തില്‍ നിലവിലുള്ള അതികഠിനമായ ചൂടിന് ശമനമുണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു.
വടക്കന്‍ കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി ഉണ്ടായിരുന്ന എതിര്‍ ചക്രവാതമാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെല്ലാം താപനില വളരെ കഠിനമാകാന്‍ കാരണമായിരുന്നത്. രാത്രി സമയത്ത് പോലും അന്തരീക്ഷം തണുക്കാത്ത സ്ഥിതി വന്നതോടെ സംസ്ഥാനത്തെ വൈദ്യുതോപയോഗവും കുത്തനെ ഉയര്‍ന്നിരുന്നു. ഇടി മഴമേഘങ്ങളെ തടഞ്ഞതും ഉയര്‍ന്ന താപനില തുടരാന്‍ കാരണമായി. ഇന്നത്തോടെ എതിര്‍ ചക്രവാതം ദുര്‍ബലമായേക്കും. ഏപ്രില്‍ അവസാന വാരത്തോടെ വേനല്‍ മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നത്.
