പൗരത്വം ഇനി സുരക്ഷിതം ; നേറ്റിവിറ്റി കാര്‍ഡ് ബില്‍ പാസ്സാക്കി കേരളം
പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് പരിഹാരമായി നേറ്റിവിറ്റി കാർഡ് നിയമമാക്കുമെന്ന ഇടത്പക്ഷ സർക്കാരിന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ്.അരക്ഷിത ബോധമില്ലാതാക്കാൻ കേരള നിയമസഭ പതിനാറാം സമ്മേളനത്തില്‍ കേരള നേറ്റിവിറ്റി കാർഡ് ബില്‍ 2026 പാസ്സാക്കി. ഈ ബില്‍ പ്രകാരം, സംസ്ഥാനത്ത് ജനിച്ചവർക്കും ദീർഘകാല താമസമുള്ളവർക്കും നിയമപരമായി അംഗീകരിക്കാവുന്ന നേറ്റിവിറ്റി കാർഡ് നല്‍കും.
കേരള സർക്കാർ നിലവില്‍ നല്‍കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പോലുള്ള മാതൃകയില്‍, ബില്‍ പ്രകാരം ജനനം, സ്ഥിരം മേല്‍വിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തി കാർഡ് നല്‍കും. ഇത് സർക്കാർ സേവനങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന അധികാരിക രേഖ ആയി അംഗീകരിക്കപ്പെടും. നിലവില്‍ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നിയമപരമായിട്ടില്ലാത്തതിനാല്‍ ഓരോ ആവശ്യത്തിനും പല പ്രാവശ്യം അപേക്ഷ നല്‍കേണ്ടി വരാറുണ്ടായിരുന്നു. ബില്‍ പാസായതോടെ, കേരളീയർക്ക് നിയമ പിൻബലമുള്ള രേഖ ലഭിക്കുന്നതും, അവരുടെ പൗരത്വ അവകാശങ്ങള്‍ ഉറപ്പാക്കുന്നതും സാധ്യമാകും.
ജനിച്ചുവളർന്ന മണ്ണില്‍ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല. പുറന്തള്ളലിന്റെ രാഷ്ട്രീയത്തിന് തിരിച്ചടി നല്‍കുന്ന ശക്തമായ സംരക്ഷണമാണ് ഇത്. കേരളം ഉള്‍ക്കൊള്ളലിന്റെ മൂല്യത്തെ മുൻനിർത്തിയാണ് ഈ ബില്‍ കൊണ്ടുവന്നിരിക്കുന്നത് എന്ന ഉറപ്പോടെ നേറ്റിവിറ്റി കാർഡ് ബില്ല് പാസാക്കിയ വിവരം മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഈ നിയമം പ്രകാരം, ഇനി കേരളീയർ പിന്നാമ്പുറക്കാരല്ല എന്നതും, സർക്കാർ നല്‍കുന്ന സേവനങ്ങള്‍ക്ക് അർഹരാണെന്നതും അദ്ദേഹം വ്യക്തമാക്കി.
