February 16, 2025

പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു ; അംഗത്വം നല്‍കി അഭിഷേക് ബാനര്‍ജി

Share

 

കൊല്‍ക്കത്ത : പി.വി.അന്‍വര്‍ എം.എല്‍.എ. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജന. സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് അന്‍വറിന്റെ തൃണമൂല്‍ പ്രവേശം. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിനായി ഒരുമിച്ചു ഒരുമിച്ചു പ്രവർത്തിക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്.

 

ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി.വി. അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അൻവറിന്‍റെ അംഗത്വം സ്ഥിരീകരിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും ട്വീറ്റ് ചെയ്തു. നാളെ മമതാ ബാനർജിക്കൊപ്പം കൊല്‍ക്കത്തയില്‍ വാർത്താ സമ്മേളനം നടത്തിയേക്കും.

 

ഇടത് സ്വതന്ത്രനായി നിലമ്ബൂരില്‍ വിജയിച്ച അൻവർ, മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍.ഡി.എഫ്. സഹകരണം അവസാനിപ്പിച്ചിരുന്നു. സി.പി.എം. പാർലമെന്ററി പാർട്ടിയില്‍നിന്ന് പുറത്താക്കിയ അൻവർ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയില്‍ ചേരാനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരില്‍ സംഘടനയുണ്ടാക്കി. എന്നാല്‍, സി.പി.എമ്മുമായി നല്ല ബന്ധം തുടരുന്ന ഡി.എം.കെ. അൻവറിനെ പാർട്ടിയില്‍ എടുക്കാൻ തയ്യാറായില്ല.

 

 

പിന്നീട് ഡല്‍ഹിയിലെത്തിയ അൻവർ തൃണമൂല്‍ നേതാക്കളുമായി ചർച്ച നടത്തി. തൃണമൂലില്‍ ചേരാനുള്ള ശ്രമം വഴിമുട്ടിയെന്നും പിന്നാലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്നും ഉപതിരഞ്ഞെടുപ്പ് സമയത്ത് വാർത്തയുണ്ടായിരുന്നു. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ തള്ളി.

 

നിലമ്ബൂർ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസില്‍ ഒരുദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ അൻവർ യു.ഡി.എഫുമായി സഹകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍, അൻവറിനെ യു.ഡി.എഫില്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനം നീളുന്നതിനിടെയാണ് ബംഗാളിലെത്തി തൃണമൂലിനൊപ്പം ചേരുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.