September 21, 2024

കാൽനട യാത്രികനെ കാറിടിച്ച് നിർത്താതെ പോയി : ദിവസങ്ങൾക്ക് ശേഷം യുവാവ് പിടിയിൽ

1 min read
Share

 

തൊണ്ടര്‍നാട് : ആദിവാസി യുവാവിനെ കാറിടിപ്പിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞയാളെ പിടികൂടാന്‍ തുമ്പായത് സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സൈഡ് മിറര്‍. ജൂണ്‍ 23ന് രാത്രി അമിതവേഗത്തില്‍ അശ്രദ്ധമായി ഓടിച്ച കാറിടിച്ച് കോറോം സ്വദേശിയായ യുവാവിന് ഇടത് കാല്‍മുട്ടിന്റ എല്ല് പൊട്ടി ഗുരുതര പരിക്കേറ്റ സംഭവത്തിലാണ് പോലീസ് പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികുടിയത്.

 

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് പരാതി ലഭിച്ചതെങ്കിലും പോലീസിന്റെ കൃത്യമായ അന്വേഷണം പ്രതിയിലേക്കെത്തുകയായിരുന്നു. സംഭവം നടക്കുന്നത് രാത്രിയായതിനാലും ഗുരുതര പരിക്കേറ്റതിനാലും പരാതിക്കാരന് വാഹനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പോലീസിന് പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങളും മറ്റു ദൃക്‌സാക്ഷികളും ലഭ്യമായിരുന്നില്ല. സംഭവസ്ഥലത്ത് ലഭിച്ച പൊട്ടിയ സൈഡ് മിറര്‍ മാത്രമായിരുന്നു ഏക ആശ്രയം.

 

എസ്.ഐ എം.സി പവനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.പി. റിയാസ് എന്നിവരുടെ അന്വേഷണ മികവാണ് പ്രതിയിലേക്കെത്തുന്നത്.

സൈഡ് മിറര്‍ മാരുതി 800 ന്റേതാണെന്ന് കണ്ടെത്തിയ ശേഷം പ്രദേശത്ത് മാരുതി 800 വാഹനം കൈയിലുളള ആളുകളുടെ ലിസ്‌റ്റെടുത്ത് പോലീസ് അന്വേഷണം തുടങ്ങി. കേടുപാടുകള്‍ പറ്റിയ വാഹനങ്ങള്‍ പലസ്ഥലങ്ങളില്‍ പോയി പരിശോധിച്ചു. സംഭവത്തിന് ശേഷം കാര്‍ പുറത്തെടുക്കാതെ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. മറച്ചു വെച്ചിരുന്ന വാഹനം നാളുകള്‍ക്ക് ശേഷം പുറത്തെടുത്ത് ടൗണിലേക്കിറങ്ങിപ്പോഴാണ് പിടിവീണത്. കെ.എല്‍ 30 ബി 2290 നമ്പര്‍ മാരുതി കാറാണ് കസ്റ്റഡിയിലെടുത്തത്. വാളാട്, കോളിച്ചാല്‍ വാനിയപുരയില്‍ വീട്ടില്‍ വി.വി ഹരീഷ് (36) നെയാണ് പിടികുടിയത്. സൈഡ് മിറര്‍ പൊട്ടിയതും കാറിന്റെ ഫ്രണ്ട് ലൈറ്റിനും കേടുപാട് പറ്റിയതും തെളിവായി.

 

ജൂണ്‍ 23ന് രാത്രി തൊണ്ടര്‍നാട് മരച്ചുവട് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം നടക്കുന്നത്. പൊതുറോഡിലൂടെ വലതുവശം ചേര്‍ന്ന് നടന്നു പോകുകയായിരുന്ന യുവാവിനെയാണ് ഇയാള്‍ കാറിടിച്ചത്. വാഹനം നിര്‍ത്തി ഇയാള്‍ക്ക് വേണ്ട വൈദ്യസഹായം നല്‍കാതെയാണ് ഇയാള്‍ കടന്നുകളഞ്ഞത്. കാറിടിച്ച് വീണ യുവാവിനെ നാട്ടുകാര്‍ കണ്ടിരുന്നില്ല. മദ്യപിച്ച് റോഡില്‍ കിടക്കുകയാണെന്ന ധാരണയില്‍ പലരും കടന്നുപോയി. അല്‍പസമയം കഴിഞ്ഞാണ് നാട്ടുകാര്‍ പരിക്കേറ്റ് കിടക്കുകയാണെന്ന് മനസിലാക്കുന്നതും ആശുപത്രിയിലെത്തിക്കുന്നതും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.