കഞ്ചാവുമായി യുവാക്കൾ പിടിയിലായ സംഭവം ; ഒരാൾകൂടി അറസ്റ്റിൽ
പുൽപ്പള്ളി : സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കൾ പിടിയിലായ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. മലപ്പുറം അരിക്കോട് എടക്കാട്ടുപറമ്പ് മുളക്കാത്തൊടിയിൽ വീട്ടിൽ സുബൈർ (47) ആണ് അറസ്റ്റിലായത്. ഇയാൾക്കുവേണ്ടിയാണ് യുവാക്കൾ കഞ്ചാവ് വാങ്ങിയത്. കഞ്ചാവ് സുബൈറിന് എത്തിച്ചുകൊടുക്കാനുള്ള ശ്രമത്തിനിടെയാണ് പെരിക്കല്ലൂരിൽ വെച്ച് മലപ്പുറം സ്വദേശികളായ അരീക്കോട് കാവുംപുറത്ത് വീട്ടിൽ ഷൈൻ എബ്രഹാം (31), എടക്കാപറമ്പിൽ പുളിക്കാപറമ്പിൽ വീട്ടിൽ അജീഷ് (44) എന്നിവർ പിടിയിലാകുന്നത്.
28-നാണ് ഇവരെ എസ്.ഐ. എച്ച്. ഷാജഹാന്റെ നേതൃത്വത്തിൽ പിടികൂടിയത്. പെരിക്കല്ലൂർ കടവ് ഭാഗത്തുനിന്ന് സ്കൂട്ടറിൽ വരുകയായിരുന്ന ഇവരെ പരിശോധനയുടെ ഭാഗമായി പോലീസ്
കൈകാണിച്ച് നിർത്തി. സ്കൂട്ടർ നിർത്തിയയുടനെ പിറകിലിരുന്ന അജീഷ് ഇറങ്ങിയോടി. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൻ്റെ ഡിക്കിയിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത്. 2.140 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. അജീഷ് ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടി.