റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി ; ബലമായി തൂക്കിയെടുത്ത് പോലീസ് : അറസ്റ്റ്
1 min read
സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. വിജയ്ചൗക്കിലെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ അദ്ദേഹം റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യുകയായിരുന്നു.
ഇ.ഡി നടപടിക്കെതിരെ പാര്‍ലമെന്റ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയ ശേഷമായിരുന്നു എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. കെ.സി വേണുഗോപാൽ, മല്ലികാർജുന ഖാർഗെ, ബെന്നി ബഹനാൻ, വി.കെ ശ്രീകണ്ഠൻ, ആന്റ്റോ ആന്റണി, എം.കെ രാഘവൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ തുടങ്ങിയവരെ കിംഗ്സ് വേ പൊലീസും കസ്റ്റഡിയിലെടുത്തു.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയര്‍ത്തുന്നത്. രാവിലെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് എത്തിയത്. അഡീഷനൽ ഡയറക്ടർ ഉൾപ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നത്. നാഷണൽ ഹെറാൾഡ് കേസിൽ കൂടുതൽ വിവരങ്ങൾ സോണിയാ ഗാന്ധി നിന്നും ചോദിച്ചറിയാൻ ഉണ്ടെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്.