രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു
1 min read
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.
രാവിലെ 9.22ന് രഷ്ട്രപതി ഭവനിലെത്തിയ മുര്‍മു, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റാം നാഥ് കോവിന്ദിനൊപ്പം രാഷ്ട്രപതിയുടെ വാഹനത്തില്‍ രാജ്‌കോട്ടിലെത്തി പുഷ്പാര്‍ച്ച നടത്തി. പാര്‍ലമെന്റില്‍ എത്തിയ ദ്രൗപതി മുര്‍മുവിനെ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവും ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയും ചേര്‍ന്ന് സ്വീകരിച്ചു.
10.11ന് പുതിയ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ആഭ്യന്തര സെക്രട്ടറി വായിച്ചു കേള്‍പ്പിച്ചു. തുടര്‍ന്ന് 10.14ന് ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്ര മേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.