കൂറ്റൻ സ്കോറും മറികടന്നു ; അയ്യർ, സഞ്ജു, അക്ഷർ കൂട്ടുകെട്ടിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം : പരമ്പര
1 min read
പോർട്ട് ഓഫ് സ്പെയിൻ : വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. അർധ സെഞ്ചറികളിൽ കൊരുത്തെടുത്ത തകർപ്പൻ റൺചേസുമായി ഇന്ത്യൻ ബാറ്റർമാർ നിറഞ്ഞാടിയതോടെ തുടർച്ചയായ രണ്ടാം ഏകദിനത്തിലും വിജയത്തിന്റെ വക്കിൽനിന്ന് തോൽവിയിലേക്കു വഴുതി വെസ്റ്റിൻഡീസ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസ് നിശ്ചിത 50 ഓവറിൽ നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 311 റൺസ്.
മറുപടി ബാറ്റിങ്ങിൽ അയ്യർ, സഞ്ജു, അക്ഷർ എന്നിവർ തിളങ്ങിയതോടെ രണ്ടു പന്തും രണ്ടു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ ഉറപ്പാക്കി. വിൻഡീസിനെതിരെ ഇന്ത്യയുടെ തുടർച്ചയായ 12–ാം ഏകദിന പരമ്പര വിജയമാണിത്. ഇത് റെക്കോർഡാണ്. അർധസെഞ്ചറിക്കു പുറമെ ഒരു വിക്കറ്റും നേടിയ അക്ഷർ പട്ടേലാണ് കളിയിലെ കേമൻ.
തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറിയുമായി തിളങ്ങിയ ശ്രേയസ് അയ്യർ 63 റൺസെടുത്ത് പുറത്തായി. 71 പന്തിൽ നാലു ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് അയ്യരുടെ ഇന്നിങ്സ്. റൺറേറ്റ് താഴാതെ തകർത്തടിച്ച സഞ്ജു 51 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 54 റൺസെടുത്തു. ഇരുവരും പുറത്തായ ശേഷം അവസാന ഓവറുകളിൽ അസാമാന്യ ബാറ്റിങ് വെടിക്കെട്ടുമായി തിളങ്ങിയ അക്ഷർ പട്ടേലാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. അക്ഷർ 35 പന്തിൽനിന്ന് 64 റൺസെടുത്ത് പുറത്താകാതെ നിന്നു. മൂന്നു ഫോറും അഞ്ച് സിക്സും സഹിതമാണ് അക്ഷർ 64 റൺസെടുത്തത്. വെറും 27 പന്തിൽനിന്നാണ് അക്ഷർ കന്നി അർധസെഞ്ചറി കുറിച്ചത്.
ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക്, നാലാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ടിന് തൊട്ടടുത്തെത്തിയ പ്രകടനവുമായി സഞ്ജു സാംസൺ – ശ്രേയസ് അയ്യർ കൂട്ടുകെട്ടാണ് കരുത്തു പകർന്നത്. 93 പന്തിൽനിന്നും ഇരുവരും അടിച്ചെടുത്ത 99 റൺസാണ് മത്സരത്തിൽ ഇന്ത്യയെ ട്രാക്കിലാക്കിയത്. ആറാം വിക്കറ്റിൽ ദീപക് ഹൂഡ– അക്ഷർ പട്ടേൽ സഖ്യവും ഇന്ത്യയ്ക്കായി അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. 33 പന്തിൽനിന്ന് ഇരുവരും അടിച്ചുകൂട്ടിയ 51 റൺസും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
ശുഭ്മൻ ഗിൽ (49 പന്തിൽ 43), ദീപഗ് ഹൂഡ (36 പന്തിൽ 33) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. അവസാന ഘട്ടത്തിൽ രണ്ടു ഫോറുകൾ സഹിതം 12 പന്തിൽ 10 റൺസെടുത്ത ആവേശ് ഖാന്റെ പ്രകനവും നിർണായകമായി. ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ശിഖർ ധവാൻ (31 പന്തിൽ 13), സൂര്യകുമാർ യാദവ് (എട്ടു പന്തിൽ ഒൻപത്), ഷാർദുൽ ഠാക്കൂർ (ആറു പന്തിൽ മൂന്ന്) എന്നിവർ നിരാശപ്പെടുത്തി.
ഇന്ത്യയ്ക്ക് അടുത്തിടെയായി പിഴവു പറ്റുന്ന അവസാന 10 ഓവറിൽ റൺസ് വാരിയാണ് ഈ മത്സരത്തിലെ വിജയമെന്നതും ശ്രദ്ധേയം. അവസാന 58 പന്തിൽനിന്ന് ഇന്ത്യ നേടിയത് 100 റൺസാണ്. 2002നുശേഷം രണ്ടാമതു ബാറ്റു ചെയ്യുന്ന ടീം ജയിച്ച മത്സരങ്ങളിൽ അവസാന 10 ഓവറിൽ പിറക്കുന്ന ഉയർന്ന നാലാമത്തെ റൺനേട്ടമാണിത്. 2014ൽ ബംഗ്ലദേശിനെതിരെ അവസാന 10 ഓവറിൽ 111 റണ്‍സ് നേടിയ പാക്കിസ്ഥാനാണ് ഒന്നാമത്.
300 റൺസിനു മുകളിലുള്ള വിജയലക്ഷ്യം വിജയകരമായി പിന്തുടരുമ്പോൾ, ആ ടീമിലെ ഉയർന്ന വ്യക്തിഗത സ്കോർ കുറിച്ച താരത്തിന്റെ ഏറ്റവും ചെറിയ സ്കോർ കൂടിയാണ് അക്ഷറിന്റെ 64 റൺസ്. 2005ൽ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ 319 റൺസെടുത്ത് വിജയിക്കുമ്പോൾ ഉയർന്ന വ്യക്തിഗത സ്കോർ കുറിച്ച ശുഐബ് മാലിക്ക് നേടിയ 65 റൺസാണ് രണ്ടാമതായത്.
നേരത്തേ കരിയറിലെ 100–ാം ഏകദിനത്തിൽ സെഞ്ചറിയടിച്ച ഓപ്പണർ ഷായ് ഹോപ്പിന്റെയും (135 പന്തിൽ 115) ക്യാപ്റ്റൻ നിക്കോളാസ് പുരാന്റെ അർധ സെഞ്ചറിയുടെയും (77 പന്തിൽ 74) മികവിലാണ് വിൻഡീസ് മുന്നൂറു കടന്നത്. കൈൽ മെയേഴ്സ് (39), ഷെമാർ ബ്രൂക്സ് (35) എന്നിവരും തിളങ്ങി. മെയേഴ്സ്, ബ്രൂക്സ്, പുരാൻ എന്നിവർക്കൊപ്പം ഹോപ്പ് പടുത്തുയർത്തിയ കൂട്ടുകെട്ടുകളാണ് വിൻ
ഡീസ് ഇന്നിങ്സിനു ബലമായത്. ഇന്ത്യയ്ക്കായി ഠാക്കൂർ ഏഴ് ഓവറിൽ 54 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ദീപക് ഹൂഡ, അക്ഷർ പട്ടേൽ, യുസ്‌വേന്ദ്ര ചെഹൽ എന്നിവർക്കും ഓരോ വിക്കറ്റ് ലഭിച്ചു. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 10 ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 47 റൺസ് മാത്രം വിട്ടുകൊടുത്ത മുഹമ്മദ് സിറാജിന്റെ പ്രകടനവും ശ്രദ്ധേയമായി.