ആഫ്രിക്കന്‍ പന്നിപ്പനി ; വയനാട്ടിൽ രണ്ട് വാര്‍ഡുകളില്‍ രോഗം സ്ഥിരീകരിച്ചു : പത്ത് കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയാക്കി
1 min read
മാനന്തവാടി : ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. മാനന്തവാടി നഗരസഭയിലെ വാര്‍ഡ് 33 ലെയും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 ലെയും പന്നി ഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനിയുടെ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.
ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബോറോട്ടറിയിലെ സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പന്നിപ്പനി പടരുന്നത് തടയാന്‍ ജില്ലയില്‍ മുന്‍കരുതല്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. റവന്യു ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകള്‍, തദ്ദേശസ്വയം ഭരണം, പോലീസ്, വനം വകുപ്പുകള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും.
രോഗ വ്യാപനം തടയുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി ഉത്തരവ് പുറത്തിറക്കി. രോഗ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായി കണക്കാക്കിയിട്ടുണ്ട്. ഇവിടങ്ങളിലെ പന്നികളെ രോഗ വ്യാപനം തടയുന്നതന്റെ ഭാഗമായി ഉന്മൂലം ചെയ്യും. പത്ത് കിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണമേഖലയായും പ്രഖ്യാപിച്ചു.