ആഫ്രിക്കന്‍ പന്നിപ്പനി : മുന്‍ കരുതലുകള്‍ സ്വീകരിക്കണം – ജില്ലാ കളക്ടര്‍
1 min read
കൽപ്പറ്റ : ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നിന്നും പന്നിമാസം വിതരണം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും താല്‍ക്കാലികമായി നിരോധിച്ചു. ഇവിടെ നിന്നും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നതിനും വിലക്കേര്‍പ്പെടുത്തി.
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെ എല്ലാ പന്നികളെയും എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച് ഉടന്‍ ഉന്‍മൂലനം ചെയ്യും. ജഡം മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സംസ്‌ക്കരിക്കും.
രോഗം സ്ഥിരീകരിച്ച പന്നിഫാമുകളില്‍ നിന്നും മറ്റ് ഫാമുകളിലേയ്ക്ക് രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടു പോയിട്ടുണ്ടെങ്കില്‍ ഇവയെയും നിരീക്ഷിക്കും. രോഗം സ്ഥീരീകരിച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയില്‍ പോലീസ് , മൃഗ സംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ , വില്ലേജ് ആഫീസര്‍ എന്നിവരുള്‍പ്പെട്ട റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. ഇവരാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുക.
രോഗ ലക്ഷണം കണ്ടാല്‍ അറിയിക്കണം
പന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനികളുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ അറിയിക്കണം. ബന്ധപ്പെട്ട നഗരസഭ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, റൂറല്‍, ഡയറി ഡിവലപ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ അറിയിക്കണം. വെറ്ററിനറി ഓഫീസര്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കണം.