അഴിമതി, അരാജകവാദി, മന്ദബുദ്ധി, തുടങ്ങി 65 വാക്കുകൾക്ക് പാർലമെന്റിൽ ഇനി മുതൽ വിലക്ക് : വാക്കുകള്‍ വിലക്കുന്നത് സർക്കാരിനെ വിമർശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് പ്രതിപക്ഷ വിമര്‍ശനം
അഴിമതിയെന്ന വാക്ക് വിലക്കി പാർലമെന്‍റ്. ഇതിന് പുറമെ 65 വാക്കുകള്‍ക്ക് ആണ് വിലക്ക് ഏർപ്പെടുത്തിയത്. സ്വേച്ഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, കൊവിഡ് വ്യാപി, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, തുടങ്ങിയ പദങ്ങളും ഉപയോഗിക്കരുത്. അരാജകവാദി, ശകുനി തുടങ്ങിയ ഒരു കൂട്ടം വാക്കുകൾക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്സഭ സെക്രട്ടറിയേറ്റാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം പുറത്തിറക്കിയത്.
ഇവയൊക്കെ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും. ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ ബുക്ക് ലെറ്റിലാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഉള്ളത്. വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് നിര്‍ദ്ദേശങ്ങള്‍. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇരുസഭകൾക്കും അൺപാർലമെന്‍ററി വാക്കുകളുടെ പട്ടിക കൈമാറി. വാക്കുകള്‍ വിലക്കുന്നത് സർക്കാരിനെ വിമർശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
പാര്‍ലമെന്റില്‍ വാഗ്വാദത്തിന് മൂര്‍ച്ചകൂട്ടാന്‍ ഭരണ – പ്രതിപക്ഷങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്കാണ് നിരോധനം. ഭരണപക്ഷത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് നിര്‍ദേശമെന്നാണ് വിവരം. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷം പതിവായി ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് പ്രധാന ആക്ഷേപം.
വാക്കുകള്‍ വിലക്കിയതില്‍ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രംഗത്തെത്തി. ആരൊക്കെ വിലക്കിയാലും ഈ വാക്കുകളെല്ലാം ആവശ്യാനുസരണം പാര്‍ലമെന്റില്‍ ഉപയോഗിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയാന്‍ വ്യക്തമാക്കി. അതിന്റെ പേരില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യാനും അദ്ദേഹം വെല്ലുവിളിച്ചു. ഇത് ജനാധിപത്യത്തിനായുള്ള പോരാട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ചില വാക്കുകളും പ്രയോഗങ്ങളും കാലാകാലം അതാത് സഭാദ്ധ്യക്ഷന്മാര്‍ തന്നെ നീക്കുന്ന പതിവുണ്ട്. വാക്കുകള്‍ ഒഴിവാക്കുന്നതില്‍ അവസാന വാക്ക് പറയുക, രാജ്യസഭാ ചെയര്‍മാനോ ലോക്‌സഭാ സ്പീക്കറോ ആയിരിക്കും. സഭാദ്ധ്യക്ഷന് എതിരായി ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ള ചില പതിവ് പരാമര്‍ശങ്ങളും നിരോധന പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.