December 7, 2024

വയനാട്ടില്‍ ലഹരിമാഫിയയ്ക്കും ലഹരിക്കുമെതിരായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ക്യാമ്പയിനുമായി ഡി.വൈ.എഫ്‌.ഐ

Share

കൽപ്പറ്റ : ജില്ലയില്‍ ലഹരിക്കെതിരെ ഡിവൈഎഫ്‌ഐ വിപുലമായ ക്യാമ്പയിന്‍ ഒരുക്കുന്നു. ‘ക്വിറ്റ് ഡ്രഗ്‌സ്’ – ലഹരിക്കെതിരെ യുവത എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ വയനാട് ജില്ലയില്‍ വിപുലമായ ക്യാമ്പയിന്‍ ഏറ്റെടുക്കുന്നുത്. ലഹരിമാഫിയയ്ക്കും ലഹരിക്കുമെതിരായ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളാണ് ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്. ക്യാമ്പയിനിന്റെ മുദ്രാവാക്യത്തിന്റെ പ്രകാശനം കല്‍പ്പറ്റ പ്രസ്സ് ക്ലബ്ബില്‍ വെച്ച്‌ നടന്നു.

ആദ്യഘട്ടത്തില്‍ മേഖലാ തല ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ജാഗ്രതാ സമിതി രൂപീകരിക്കുക. ജില്ലയില്‍ 60 കേന്ദ്രങ്ങളില്‍ ജുലൈ 30 നകം ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. അധ്യാപകര്‍, ജനപ്രതിനിധികള്‍, വ്യാപാരികള്‍, ക്ലബ്ബുകള്‍, വായനശാലകള്‍, പൊതുപ്രവര്‍ത്തകര്‍, പിടിഎ ഭാരവാഹികള്‍ എന്നിവരെയെല്ലാം പങ്കെടുപ്പിച്ച്‌ ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപികരിക്കും.

രണ്ടാം ഘട്ടത്തില്‍ ഓഗസ്റ്റ് 17 നും സെപ്തംബര്‍ 30 നും ഇടയില്‍ ഭവന സന്ദര്‍ശനവും യൂണിറ്റ് തല ജാഗ്രതാ സമിതി രൂപീകരണവും നടത്തും. ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി ലഹരിക്കെതിരായ ബോധവല്‍ക്കരണ നോട്ടീസ് വിതരണം ചെയ്യും. 600 കേന്ദ്രങ്ങളിലാണ് യൂണിറ്റ് തല ജാഗ്രതാ സമിതികള്‍ രൂപീകരിക്കുക. സെപ്തംബര്‍ 11 ന് 1000 യൂത്ത് ബ്രിഗേഡ് അണിനിരക്കുന്ന ലഹരി വിരുദ്ധ റാലി കല്‍പ്പറ്റയില്‍ സംഘടിപ്പിക്കും.

സെപ്തംബര്‍ 30നുള്ളില്‍ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് ടീം സജ്ജമാക്കും. ജില്ലയില്‍ 8 കേന്ദ്രങ്ങളിലാണ് കൗണ്‍സിലിംഗ് ടീം സജ്ജീകരിക്കുക. സെപ്തംബര്‍ 30 നകം പ്രധാന ടൗണുകളിലും ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്ക് മുന്‍പിലും ലഹരി വിരുദ്ധ ഏരിയയായി പ്രഖ്യാപിച്ച്‌ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഹെല്‍പ്പ് ഡെസ്‌ക്ക് നമ്ബറുകളടങ്ങിയ ബോര്‍ഡുകളാണ് സ്ഥാപിക്കുക.

ഒക്ടോബര്‍ മാസത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍, കലാ-കായിക മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. നവംബര്‍ മാസത്തില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി മാഫിയയ്‌ക്കെതിരായ ജില്ലാ കാല്‍നട ജാഥയും ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കലാജാഥയും ഒരുക്കും. ഇതിന് പുറമേ എക്‌സൈസ് വിമുക്തി, പോലീസ് എന്നിവയുമായി ചേര്‍ന്ന് വിവിധ ക്യാമ്പയിനുകളും ഏറ്റെടുക്കും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.