പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ജോലിക്കെത്തുന്നില്ലെന്ന് പരാതി
1 min readപുൽപ്പള്ളി: നാടുനീളെ പനിച്ച് വിറക്കുമ്പോഴും പുല്‍പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ജോലിക്കെത്തുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം ഒരു ഡോക്ടറുടെ സേവനം മാത്രമെ ആശുപത്രിയിലുണ്ടായത്. അദ്ദേഹത്തിന് 500 ഓളം രോഗികളെ ഒ.പിയില്‍ മാത്രം പരിശോധിക്കേണ്ടതായി വന്നു. രാവിലെ തുടങ്ങിയ പരിശോധന വൈകീട്ടുവരെ നീണ്ടു.
ആശുപത്രിയില്‍ അഞ്ച് ഡോക്ടര്‍മാരാണ് ഉള്ളത്. ഇതില്‍ പലരും മിക്കദിവസവും അവധിയിലാണ്. നിത്യേന നിരവധി രോഗികള്‍ എത്തുന്ന ആതുരാലയത്തില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. അഞ്ച് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഈ ആശുപത്രിക്ക് കീഴിലുണ്ട്.
ആശുപത്രിയുടെ പരാധീനതകള്‍ പരിഹരിക്കാന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നാണ് പരാതി. ചികിത്സ തേടി ഇവിടെയെത്തുന്നവര്‍ക്ക് പലപ്പോഴും യഥാസമയം ചികിത്സ ലഭിക്കാറില്ലെന്നും പരാതിയുണ്ട്. സായാഹ്ന ഒ.പി ആരംഭിച്ചിട്ടുണ്ടെങ്കിലും അതും പല ദിവസങ്ങളിലും ഉണ്ടാകാറില്ല. അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ ആദ്യം ആളുകള്‍ ഓടിയെത്തുന്നത് ഇവിടേക്കാണ്.
ഡോക്ടര്‍മാരുടെ കുറവും ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. മഴക്കാലം തുടങ്ങിയതോടെ നൂറുകണക്കിന് രോഗികള്‍ ചികിത്സതേടി ഇവിടെ എത്തുന്നുണ്ട്.
കിടത്തി ചികിത്സക്കും പലപ്പോഴും ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. രാത്രി എത്തുന്നവരെ പലപ്പോഴും മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കാറാണ് പതിവ്. ആശുപത്രിയുടെ മേല്‍നോട്ട ചുമതലയുള്ള പനമരം ബ്ലോക്ക് പഞ്ചായത്തും ശ്രദ്ധ ചെലുത്തുന്നില്ലെന്ന് പരാതിയുണ്ട്.