കൈനാട്ടിയില്‍ ഓട്ടോമാറ്റിക് ട്രാഫിക് സിഗനല്‍ ലൈറ്റുകള്‍ തെളിഞ്ഞു
കല്‍പ്പറ്റ : കൈനാട്ടിയില്‍ ഓട്ടോമാറ്റിക് ട്രാഫിക് സിഗനല്‍ ലൈറ്റുകള്‍ തെളിഞ്ഞു. കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
പൊതുമരാമത്ത് വകുപ്പിന്റെ റോഡ് സേഫ്റ്റി ഫണ്ടായ 14 ലക്ഷം രൂപ ചെലവഴിച്ചാണ് സിഗ്‌നല്‍ സ്ഥാപിക്കുന്നത്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മൂന്ന് ഭാഗത്തേക്കും ഓട്ടോമാറ്റിക് സിഗനല്‍ ലൈറ്റുകള്‍ തെളിയും. ബള്‍ബടക്കമുള്ള സംവിധാനങ്ങളും ഇലക്ട്രിഫിക്കേഷന്‍ ജോലികളും പൂര്‍ത്തിയാക്കി ഓട്ടോമാറ്റിക് സംവിധാനത്തിന്റെ സമയക്രമീകരണം നടപ്പാക്കിയാണ് ട്രാഫിക് സിഗനല്‍ യാഥാര്‍ത്ഥ്യമായത്. കെല്‍ട്രോണിനായിരുന്നു നിര്‍മ്മാണ ചുമതല.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്കും, ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഭാഗങ്ങളിലേക്കുമായി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് ദിനേന കൈനാട്ടി ജംഗ്ഷനിലെത്തുന്നത്. ഇത് പലപ്പോഴും ഗതാഗതകുരുക്കിന് കാരണമാവാറുണ്ട്. സുല്‍ത്താന്‍ ബത്തേരി ഭാഗത്തേക്കുള്ള ബസ് വെയിറ്റിംഗ് ഷെഡ് നേരത്തെ നഗരസഭ മാറ്റി സ്ഥാപിച്ചിരുന്നു. ഇതോടെ കൈനാട്ടി ജംഗ്ഷനിലെ ആള്‍ക്കൂട്ടവും ഗതാഗത തടസ്സവും ഇല്ലാതെയായി.