വയനാട്ടിലെ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം ; 50 പവനോളം കവർന്ന അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയിൽ
1 min readബത്തേരി : ജില്ലയില്‍ അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ ബത്തേരി പൊലിസിന്റെ പിടിയില്‍. ആസാം സ്വദേശികളായ നാലുപേരാണ് പിടിയിലായത്. ദൂലാല്‍അലി (23), ഇനാമുല്‍ഹഖ് (25), നൂര്‍ജമാല്‍ അലി ( 23), മൊഹിജുല്‍ ഇസ്ലാം(22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പുല്‍പ്പള്ളി, നൂല്‍പ്പുഴ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന അഞ്ച് മോഷണ കേസുകളിലെ പ്രതികളാണിവർ. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആസാം, അരുണാചല്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
പുല്‍പ്പള്ളി ആനപ്പാറ, പഴശ്ശിരാജ കോളജ് എന്നിവിടങ്ങളിലെ മൂന്ന് മോഷണ കേസുകളിലും, മാടക്കര, പൂളക്കുണ്ട് എന്നിവിടങ്ങളെ രണ്ട് കേസുകളിലുമാണ് ഇവര്‍ പിടിയിലായത്. ഇവിടങ്ങളില്‍ നിന്നും അമ്പത് പവനോളം സ്വര്‍ണവും, ഒരു ലക്ഷം രൂപയോളവുമാണ് സംഘം അപഹരിച്ചത്.
ആള്‍താമസമില്ലാത്ത വീടുകള്‍ കണ്ടുവെച്ച് പകല്‍ സമയങ്ങളിലെത്തിയാണ് സംഘം മോഷണം നടത്തിയിരുന്നത്. മോഷണം നടത്തിയശേഷം പ്രതികള്‍ ആസാമിലേക്ക് മടങ്ങിയെന്നും പിന്നീട് സിസിടിവി ദൃശ്യങ്ങളും, സൈബര്‍സെല്ലിന്റെ സഹായത്തോടെയുമാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതെന്ന് ഡിവൈഎസ്പി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.