റോഡുകളുടെ ശോചനീയാവസ്ഥ ; പൊതുമരാമത്ത് മന്ത്രിയുമായി ടി.സിദ്ദിഖ് എം.എൽ.എ ചർച്ച നടത്തി
കൽപ്പറ്റ: കൽപ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് അഡ്വ. ടി.സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി.
നിരവധിയായ തടസങ്ങൾ മൂലം മുടങ്ങി കിടന്നിരുന്ന കൽപ്പറ്റ ബൈപാസ് റോഡിന്റെ പ്രവർത്തി ആരംഭിക്കുന്നതിനു വേണ്ടി മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ തീരുമാനമായതായി അഡ്വ. ടി.സിദ്ദിഖ് എം.എൽ.എ പറഞ്ഞു. നിർമ്മാണ പ്രവർത്തിയുടെ ഔദ്യോഗിക നടപടിക്രമങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ , ബൈപാസ് റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും നാലുവരിപ്പാതയാക്കി സമ്പൂർണ നവീകരണം ഉടനെ ആരംഭിക്കുകയും ചെയ്യും.
നിർമ്മാണ പ്രവർത്തിയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ പൊതുമരാമത്തുമായി ബന്ധപ്പെട്ട് തീർക്കേണ്ട ഒട്ടനവധി പ്രവർത്തികളുടെ അടിയന്തര അവലോകനയോഗം മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്തിട്ടുണ്ട്. യോഗത്തിൽ കൽപ്പറ്റ ബൈപ്പാസിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാവുകയും പ്രവർത്തി ആരംഭിക്കുകയും ചെയ്യുമെന്ന് അഡ്വ. ടി.സിദ്ദിഖ് എം.എൽ.എ അറിയിച്ചു.