ഭാര്യയെ കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തിയ കേസ് ; പ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തം തടവും കാല്‍ ലക്ഷം രൂപ പിഴയും
ഭാര്യയെ കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തിയ കേസ് ; പ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തം തടവും കാല്‍ ലക്ഷം രൂപ പിഴയും
പനമരം : ഭാര്യയെ കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനു കോടതി ജീവപര്യന്തം തടവും കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാരക്കാമല കാഞ്ഞായി മജീദിനെയാണ് (52) ഭാര്യ സുഹ്‌റയെ (40) കൊലപ്പെടുത്തിയ കേസില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(രണ്ട്) ശിക്ഷിച്ചത്.
പ്രതി കുറ്റക്കാരനാണെന്നു കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. 2016 സെപ്റ്റംബര്‍ എട്ടിനാണ് കേസിനു ആസ്പദമായ സംഭവം. പുലര്‍ച്ചെ വീട്ടില്‍നിന്നു കുട്ടികളുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോള്‍ കഴുത്തില്‍ തോര്‍ത്തു മുറുകി അനക്കമറ്റ നിലയിലായിരുന്നു സുഹ്‌റ. പന്തികേട് തോന്നിയ അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് മരണം സ്ഥിരീകരിച്ചു. കൊലപാതകമാണെന്ന സംശയത്തില്‍ മജീദിനെ കസ്റ്റഡിയിലെടുത്തു.
വഴക്കിനിടെ സുഹ്ഹ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ആത്മഹത്യ ചെയ്തുവെന്നാണ് മജീദ് പോലീസിനു ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായ ചോദ്യംചെയ്യലില്‍ സുഹ്‌റ കഴുത്തില്‍ ചുറ്റിയ തോര്‍ത്തിന്റെ അഗ്രഭാഗങ്ങളില്‍ പിടിച്ചുവലിച്ചതായി സമ്മതിച്ചു. ചാകുമെന്ന് പറഞ്ഞ് സുഹ്‌റ കഴുത്തില്‍ ചുറ്റിയ തോര്‍ത്തില്‍ കൊന്നുതരാമെന്നു പറഞ്ഞാണ് പിടിച്ചുവലിച്ചതെന്നാണ് മജീദ് വെളിപ്പെടുത്തിയത്.
കുരുക്ക് മുറുകി കട്ടിലില്‍ വീണ സുഹ്‌റയെ മജീദ് വിളിച്ചപ്പോള്‍ അനക്കം ഉണ്ടായിരുന്നില്ല. അന്നത്തെ മീനങ്ങാടി സി.ഐ എം.വി.പളനിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.
മാനസികരോഗിയായി ഭാര്യയെ ചിത്രീകരിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞ് കേസില്‍ നിന്നും രക്ഷപ്പെടാനാണ് പ്രതി ശ്രമിച്ചത്. മറ്റൊരു വിവാഹം കഴിക്കുന്നതിനായി ഭാര്യയെ മാനസിക രോഗിയായി മാറ്റാനും മറ്റുമായി മന്ത്രവാദം അടക്കമുള്ള പ്രവൃത്തികള്‍ പ്രതി ചെയ്തിരുന്നതായി കേസില്‍ വെളിപ്പെട്ടിട്ടുണ്ട്. പ്രസ്തുത കേസില്‍ നേരത്തെ ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു യുവതിയെ വിവാഹം ചെയ്ത് താമസം മാറിയിരുന്നു.