പുതുമോടിയിൽ പനമരം പാലം ; നടപ്പാത കൂടി ഒരുക്കണമെന്ന് ആവശ്യം
പനമരം : പനമരം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുക പനമരത്തെ കബനി പുഴയ്ക്ക് കുറുകെയുള്ള വലിയ പാലമാണ്. ഈ പാലം പെയിന്റ് അടിച്ച് കുട്ടപ്പനാക്കിയതോടെ ടൗണിന്റെ മുഖച്ഛായ തന്നെ മാറുകയാണ്. ചുവപ്പ് കലർന്ന ബ്രൗണും, വെള്ള കലർന്ന ക്രീം നിറത്തിലുമായിരുന്ന പാലത്തിന് ആകാശനീലയും വെള്ളയും നിറത്തിലുള്ള പെയിന്റടിച്ചതോടെ പാലം പുതുമോടിയിലായിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ നിന്നുമെത്തിയ തൊഴിലാളികൾ അതിസാഹസികമായാണ് ഈ പാലത്തിന് പുതുമോടിയേകിയത്. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് അഞ്ചോളം പേർ ഒരാഴ്ചയോളം സമയമെടുത്താണ് പ്രവൃത്തി പൂർത്തീകരിച്ചത്. 1000 രൂപയാണ് പെയിൻറ് അടിയിലൂടെ ഓരോ ദിനവും ഇവർ സമ്പാദിച്ചത്.
ആറു പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ചതാണ് പനമരത്തെ ഈ പാലം. 1958 ൽ നിർമിച്ച പാലം ഇന്നും കേടുപാടുകൾ ഒന്നും ഇല്ലാതെ നിലകൊള്ളുകയാണ്. പാലത്തിന്റ ആപ്പ്രോച്ച് റോഡ് നിർമിച്ചപ്പോൾ ഉണ്ടായതാണ് പനമരം എന്നും പറയപ്പെടുന്നു. എന്നാൽ കാലപ്പഴക്കത്താൽ പാലത്തിന്റെ ഇരു ഭാഗങ്ങളിലുമുള്ള പൈപ്പുകൾ ക്ഷയിച്ചത് കാൽനട യാത്രക്കാർക്ക് ഭീഷണിയാവുകയാണ്. വെള്ളം പമ്പ് ചെയ്യാനായി നിർമിച്ച പൈപ്പുകൾ തുരുമ്പ് പിടിച്ച നിലയിലാണ്. തുരുമ്പെടുത്ത ടെലിഫോൺ കേബിളുകളും ഈ പൈപ്പുകളും പാലത്തിന്റെ ഇരു വശങ്ങളിലുമുണ്ട്. ഇവ പുന:സ്ഥാപിക്കാതെ പെയിന്റ് അടിച്ച് മാത്രം പോയത് ആക്ഷേപങ്ങൾക്കും ഇടയാക്കുന്നുണ്ട്.
ജില്ലയിലെ പ്രധാന പാതകളിൽ ഒന്നായതിനാൽ നിത്യേന ആയിരക്കണക്കിന് വാഹനങ്ങൾ ഈ പാലം കടന്നു പോവാറുണ്ട്. ഇവിടെ കാൽനടയാത്രയ്ക്ക് നടപ്പാതകളില്ല. അതിനാൽ റോഡരികിലൂടെ ജീവൻ പണയപ്പെടുത്തിയാണ് വിദ്യാർഥികൾ ഉൾപ്പെടെ കാലങ്ങളായി പോവുന്നത്. വല്ല അപകടവും സംഭവിച്ചാൽ തുരുമ്പ് ശരീരത്തിനുള്ളിൽ പ്രവേശിച്ചു മാരഗമായ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ, പുൽപ്പള്ളി തുടങ്ങി ജില്ലയിലെ വിവിധ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും, കുറുവാദ്വീപ് , ബാണാസുര സാഗർ, തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തിപെടാൻ ആളുകൾ ആശ്രയിക്കുന്നത് പനമരം പാലത്തെയാണ്. പാലത്തിന് താഴെ പരക്കുനിയിലും കീഞ്ഞുകടവിലും ആദിവാസി കോളനികളടക്കം ഏകദേശം രണ്ടായിരത്തിൽ പരം കുടുംബങ്ങൾ താമസിച്ചു പോരുന്നുണ്ട് ഇവരിൽ ഭൂരിഭാഗവും പാലത്തിലൂടെ നടന്നാണ് പനമരത്ത് എത്താറുള്ളത്.
അതിനാൽ പാലത്തിന് പുതുമോടി മാത്രം പോര, കാൽനട യാത്രക്കാർക്കാരുടെ സുരക്ഷയ്ക്കായി പാലത്തിന് മുകളിൽ നടപ്പാതകൾ കൂടി നിർമിച്ചു നൽകാൻ ബന്ധപ്പെട്ട അധികാരികൾ മുന്നിട്ടിറങ്ങണമെന്നാണ് പനമരം നിവാസികൾ ആവശ്യപ്പെടുന്നത്. നിലവിൽ നടപ്പാത നിർമിക്കാൻ സ്ഥല പരിമിതി ഉള്ളതിനാൽ പൈപ്പുകൾ മാറ്റി അവിടം നടപ്പാത ഉണ്ടാക്കുകയോ അല്ലെങ്കിൽ ബദൽ പാത നിർമിക്കുകയോ ചെയ്യണം.