നാട്ടുവൈദ്യന്റെ കൊലപാതകം ; ഷൈബിന്റെ ബത്തേരിയിലെ വീട്ടിൽ നിന്നും ആയുധങ്ങളടക്കമുള്ള തെളിവുകൾ കണ്ടെടുത്തു
1 min readസുൽത്താൻ ബത്തേരി: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ ബത്തേരിയിൽ നടത്തിയ തെളിവെടുപ്പിൽ ആയുധങ്ങളടക്കം കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള മന്തൊണ്ടിക്കുന്നിലെ വീട്ടിൽനിന്നാണ് അന്വേഷണ സംഘം ആയുധങ്ങൾ കണ്ടെടുത്തത്. ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇതേക്കുറിച്ച് കൂടുതൽ പുറത്തുവിടാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്‌റഫ്, അദ്ദേഹത്തിന്റെ മാനേജർ ബത്തേരി കൈപ്പഞ്ചേരി സ്വദേശി ഷിഹാബുദ്ദീൻ എന്നിവരുമായി ബുധനാഴ്ച രാവിലെയാണ് അന്വേഷണസംഘം ബത്തേരിയിൽ തെളിവെടുപ്പിനെത്തിയത്.
ഷൈബിനും കൂട്ടാളികളും സ്ഥിരമായി തമ്പടിച്ചിരുന്ന ബത്തേരി ടൗണിന് സമീപത്തുള്ള മന്തൊണ്ടിക്കുന്നിലെ ദേശീയപാതയോരത്തുള്ള വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ഒരുനിലവീടിന്റെ മുകൾ ഭാഗത്തുനിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.
ഇറച്ചിവെട്ടാനുപയോഗിക്കുന്ന വലിയ കത്തിയും നാലുചെറിയ കത്തികളുമാണ് കണ്ടെടുത്തതെന്നാണ് വിവരം. തെളിവെടുപ്പിനിടെ ഷിഹാബുദ്ദീനാണ് ആയുധങ്ങൾ പോലീസിന് കാണിച്ചുകൊടുത്തത്. ഒരുനിലവീടിന്റെ മുകൾ ഭാഗം ഷീറ്റിട്ട് മേയുകയും അരിക് കെട്ടിമറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെനിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.
ഷൈബിനെയും ഇവിടെയെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. രാവിലെ 10.35-ഓടെ തുടങ്ങിയ തെളിവെടുപ്പ് നാലുമണിക്കൂറോളം നീണ്ടു. വീട്ടുവളപ്പിലെ മാലിന്യക്കുഴിയും കാടുമൂടിക്കിടക്കുന്ന വീട്ടുപരിസരവും പോലീസ് പലതവണ പരിശോധിച്ചെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോകുന്നതിനായി പ്രതികൾ പദ്ധതി ആസൂത്രണംചെയ്തതും കൊലയ്ക്കുശേഷം പ്രതികൾ തമ്പടിച്ചിരുന്നതും ഈ വീട്ടിലാണെന്നാണ് കരുതുന്നത്.
മന്തൊണ്ടിക്കുന്നിലെ തെളിവെടുപ്പിനുശേഷം ഉച്ചയ്ക്ക് 2.45-ഓടെ പുത്തൻകുന്ന് കോടതിപ്പടിയിലെ ഷൈബിൻ അഷ്‌റഫ് വാടകയ്ക്ക് നൽകിയ കെട്ടിടത്തിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
കോഴിയിറച്ചിക്കട പ്രവർത്തിക്കുന്നതും ആളുകൾ താമസിക്കുന്നതുമായ ഈ കെട്ടിടത്തിന്റെ പിന്നിലെത്തിയായിരുന്നു തെളിവെടുപ്പ്. ഷിഹാബുദ്ദീനെ മാത്രമാണ് ഇവിടെ തെളിവെടുപ്പിനിറക്കിയത്. തുടർന്ന് മൂന്നു മണിയോടെ ഷൈബിന്റെ പുത്തൻകുന്നിൽ നിർമാണത്തിലിരിക്കുന്ന ആഡംബര മാളികയിലും തെളിവെടുത്തു. ഇവിടെനിന്ന് നിർണായകവിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
കേസുമായി ബന്ധമുള്ള കർണാടകയും തമിഴ്‌നാടുമടക്കമുള്ള സ്ഥലങ്ങളിൽ അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ട്. നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.