വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് മാല മോഷണം ; അമ്മയും മകളും അറസ്റ്റിൽ
വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് മാല മോഷണം ; അമ്മയും മകളും അറസ്റ്റില്‍
ബത്തേരി : വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന അമ്മയേയും മകളേയും ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. കാക്കവയലില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി (46), മകള്‍ മിനി (23) എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്തു വെച്ചാണ് സംഭവം. ആശുപത്രിയിലേക്ക് വന്ന 72 കാരിയെ തിരികെ കാറില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തി മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് അവരുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാല ഇരുവരും കവര്‍ന്നതായാണ് പരാതി.
മോഷണ ശ്രമത്തിന്നിടെ വയോധിക ബഹളം വെക്കുകയും സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും പിന്നീട് കോടതിയില്‍ ഹാജരാക്കി. യുവതിയുടെ മൂന്ന് മാസത്തോളം പ്രായമായ കുഞ്ഞിന് സ്വര്‍ണാഭരണങ്ങളൊന്നുമില്ലാത്തതിനാലാണ് തങ്ങള്‍ കവര്‍ച്ചാ മാര്‍ഗം തിരഞ്ഞെടുത്തതെന്നാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. യൂട്യൂബിലും മറ്റും നോക്കിയാണ് കുരമുളക് സ്‌പ്രേ ആശയം മനസിലാക്കിയത്. ഇവരുടെ വീട്ടിലെ മറ്റാര്‍ക്കും കവര്‍ച്ചയെ കുറിച്ച് മുന്നറിവ് ഇല്ലായിരുന്നുവെന്നാണ് പോലീസിന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നത്.