പടിഞ്ഞാറത്തറ പേരാലിലെ വാടകവീട്ടിൽ കാൻസർ ബാധിച്ച് ആരോരുമറിയാതെ കഴിഞ്ഞ യുവാവിനെ ടി. സിദ്ദിഖ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു
പടിഞ്ഞാറത്തറ പേരാലിലെ വാടകവീട്ടിൽ കാൻസർ ബാധിച്ച് ആരോരുമറിയാതെ കഴിഞ്ഞ യുവാവിനെ ടി. സിദ്ദിഖ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു
പടിഞ്ഞാറത്തറ : കാൻസർ ബാധിച്ച് ആരോരുമറിയാതെ വാടകവീട്ടിൽ കഴിഞ്ഞ യുവാവിനെ ടി. സിദ്ദിഖ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു.
പടിഞ്ഞാറത്തറ പേരാലിലെ വാടകവീട്ടിലാണ് കാൻസർബാധിതനായ ജിൻസും അമ്മ ഉഷയും സഹോദരനും താമസിക്കുന്നത്. ജിൻസിന്റെയും കുടുംബത്തിന്റെയും കഷ്ടപ്പാടുകൾ വിശദീകരിച്ചുള്ള വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജിൻസിനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് വിദഗ്ധചികിത്സയ്ക്കായി എം.വി.ആർ. കാൻസർ സെന്ററിൽ കൊണ്ടുപോയി. ഡോ. നാരായണൻകുട്ടി വാര്യരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവുമായി എം.എൽ.എ.യും, അമ്മ ഉഷയും സംസാരിച്ചു. ജിൻസിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരുന്നതിനാവശ്യമായ പരമാവധി ചികിത്സ സൗജന്യമായി നൽകുമെന്ന് എം.വി.ആർ. കാൻസർ സെന്റർ ചെയർമാനായ സി.എൻ. വിജയകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പു കിട്ടിയതായി എം.എൽ.എ. പറഞ്ഞു.
പെരുമ്പാവൂർ സ്വദേശികളാണ് ജിൻസും കുടുംബവും. കുറച്ചു കാലങ്ങൾക്കുമുമ്പാണ് പടിഞ്ഞാറത്തറയിലുള്ള വാടകവീട്ടിലേക്ക് എത്തുന്നത്. താമസിക്കാൻ നിലവിൽ സ്വന്തമായി ഒരിടമില്ലാത്ത ഇവർക്ക് താമസിക്കാൻ എടപ്പാൾ കുമ്പിടി ഉമ്മത്തൂർനിരപ്പിൽ താമസയോഗ്യമായ വീട് തയ്യാറാക്കിയിട്ടുണ്ട്. തുടർന്നും വയനാട്ടിൽ തന്നെ താമസിക്കാനാണ് ആഗ്രഹമെങ്കിൽ മാനന്തവാടി നഗരസഭാ പരിധിയിലെ മൂന്നുസെന്റ് ഭൂമിയിൽ വീട് നിർമിച്ചുനൽകാമെന്ന് സുഹൃത്ത് നാസർ മാനു അറിയിച്ചതായി എം.എൽ.എ. പറഞ്ഞു.