യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നും നാലു വിദ്യാര്‍ഥികൾ സുരക്ഷിതരായി കമ്പളക്കാടെത്തി
യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നും നാലു വിദ്യാര്‍ഥികൾ സുരക്ഷിതരായി കമ്പളക്കാടെത്തി
പനമരം : മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കോട്ടത്തറ പത്തായക്കോടന്‍ മൊയ്തു – വഹീദ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തമകനായ മിഥിലാജ് യുക്രൈനിലെ വിനിച്യാ എന്ന സ്ഥലത്തേക്ക് തന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി പോയത്. വിനിച്യാ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് മിഥിലാജ് പഠിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് മിഥിലാജും സഹപാടികളായ മൂന്നു പേരും കമ്പളക്കാട്ടെ സ്വന്തം വീട്ടിലെത്തിയത്. മിഥിലാജ് വീട്ടിലെത്തിയതറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും, കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.റനീഷും, സാമൂഹ്യ പ്രവര്‍ത്തകരും മിഥിലാജിന്റെ വീട്ടില്‍ എത്തി മിഥിലാജിന്റെ വീശേഷങ്ങല്‍ ചോദിച്ചറിഞ്ഞു.
110 ത്തോളം മലയാളികളായ വിദ്യാര്‍ഥികള്‍ തന്റെ കൂടെ ബങ്കറില്‍ താമസിച്ചിരുന്നു എന്നും ഭക്ഷണവും മറ്റുമായി വിദ്യാര്‍ഥികള്‍ കുറച്ച് സ്‌റ്റോക്ക് ചെയ്തിരുന്നതിനാല്‍ ബങ്കറുകളില്‍ വലിയ ദുരിതമനുഭവിക്കേണ്ടി വന്നിരുന്നിലെന്നും മിഥിലാജ് പറഞ്ഞു. കൂടാതെ യുക്രൈന്‍ പൗരന്‍മാര്‍ തങ്ങള്‍ക്ക് വേണ്ടി എല്ലാ സഹായങ്ങളും ചെയ്തിരുന്നുവെന്നും മിഥിലാജ് കൂട്ടിചേര്‍ത്തു. കമ്പളക്കാട് സ്വദേശികളായ പി.സി. ലത്തീഫ്, വി.പി മുഹമ്മദ് ബിലാൽ, മുഹ്സിൻ മതൂരിയിൽ എന്നീ മൂന്നുപേരോടൊപ്പമാണ് മിഥിലാജ് മൂന്നു മാസം മുമ്പ് വിനിച്യയിൽ എത്തിയത്. തിരികെ ഇവരും ഒരുമിച്ചായിരുന്നു കമ്പളക്കാടെത്തിയത്.
യുദ്ധഭൂമിയിൽ സൈറൻ മുഴങ്ങുമ്പോൾ നാലു ദിവസത്തോളം ബങ്കറിൽ ഇടവേളകളിലായി ഇവർ കഴിഞ്ഞു. ബാക്കി സമയങ്ങളിൽ ഹോസ്റ്റൽ മുറിയിലുമായിരുന്നു. മലയാളികളായ വിദ്യാർഥികൾ ഒരുമിച്ച് ഏജന്റിന്റെ സഹായത്തോടെ ഒരു ബസ് തരപ്പെടുത്തി 19 മണിക്കൂർ യാത്ര ചെയ്ത് ഹങ്കറി ബോർഡറിൽ എത്തുകയായിരുന്നു. തുടർന്ന് 12 മണിക്കൂറോളം എമിഗ്രേഷൻ ക്ലിയറൻസിനായി കാത്തു നിൽക്കേണ്ടി വന്നു. ഇന്ത്യൻ എംബസിയും കേരള സർക്കാറും വേണ്ട സഹായങ്ങൾ ഇവിടെ ഒരുക്കിയിരുന്നു. യുദ്ധഭൂമിയില്‍ കുടുങ്ങികിടക്കുന്ന ജില്ലയിലെ ബാക്കിയുള്ള എല്ലാ വിദ്യാര്‍ഥികളെയും ഉടന്‍തന്നെ തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികളും ഉടന്‍തനെ കൈക്കൊള്ളുമെന്ന് ജില്ലാപഞ്ചയത്ത് പ്രസിഡന്റ് ഉറപ്പ് നല്‍കി.