തലപ്പുഴ സ്വദേശി ശിവ കൃഷ്ണന് 2021 ലെ ധീരതയ്ക്കുള്ള ദേശീയ അവാർഡ്
തലപ്പുഴ സ്വദേശി ശിവ കൃഷ്ണന് 2021 ലെ ധീരതയ്ക്കുള്ള ദേശീയ അവാർഡ്
മാനന്തവാടി : മരണകയത്തിൽ നിന്ന് ഒരു ജീവനെ രക്ഷിച്ച ശിവകൃഷ്ണന് ലഭിച്ചത് മനോധൈര്യത്തിനുള്ള അംഗീകാരം. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയ 2021 ലെ ധീരതയ്ക്കുള്ള ദേശീയ അവാർഡാണ് തലപ്പുഴ കരുണാലയത്തിൽ പരേതനായ പ്രേംകുമാറിൻ്റെയും ലതയുടെയും മകൻ കെ.എൻ. ശിവകൃഷ്ണന് ലഭിച്ചത്.
കഴിഞ്ഞ വർഷം മാർച്ച് 31ന് പുഴയിൽ മുങ്ങി താഴ്ന്ന സഹപാഠിയായ ജിത്തുവിനെ അതിസാഹസികമായി രക്ഷിച്ചതിനാണ് ശിവകൃഷ്ണന് ദേശീയ അവാർഡിനർഹനാക്കിയത്. എസ്.എസ്.എൽ.സി പരീക്ഷയെഴുതാനായി തലപ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ഹാൾ ടിക്കറ്റ് വാങ്ങി വീട്ടിലേക്ക് മടങ്ങിയ കുട്ടികൾ പുഴയിൽ കുളിക്കാനാനിറങ്ങിയപ്പോഴാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്.12 കുട്ടികളാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്നു പേരാണ് കാൽവഴുതി കയത്തിൽപ്പെട്ടത്. പുഴയിലെ കയത്തിൽ കൺമുന്നിൽ സഹപാഠികൾ മുങ്ങി താഴ്ന്നപ്പോൾ ശിവകൃഷ്ണൻ മറ്റൊന്നും ആലോചിക്കാതെ ഇവരെ രക്ഷിക്കാൻ പുഴയിൽ എടുത്ത് ചാടി. മുങ്ങി താഴ്ന്നു കൊണ്ടിരുന്ന സഹപാഠിയായ ജിത്തുവിന്റെ മുടിയിൽ പിടുത്തം കിട്ടിയതോടെ ശിവകൃഷ്ണൻ ഇവനെയും കൊണ്ട് കരപ്പറ്റി. മറ്റ് രണ്ട് പേരെ കൂടീ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അപ്പോഴെക്കും ഇവർ കാണാകയത്തിലേക്ക് മറഞ്ഞിരുന്നു. മുബസിലും ആനന്ദുമാണ് അന്ന് മരിച്ചത്.
അപകടം നടന്ന സ്ഥലത്തിനടുത്താണ് ശിവകൃഷ്ണന്റെ വീട്. പുഴയിൽ നന്നായി നീന്താനറിയുന്നതും ഈ സ്ഥലം സുപരിചതവുമായതും തുണയായി മാറിയിരുന്നു. ശിവകൃഷണൻ നിലവിൽ തലപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണിന് പഠിക്കുകയാണ്. സഹോദരൻ ലാൽ കൃഷ്ണ ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സിന് പഠിക്കുന്നു. പിതാവ് പ്രേംകുമാർ പതിനൊന്ന് വർഷം മുമ്പ് അസുഖം ബാധിച്ച് മരിച്ചു. സഹപാഠിയുടെ ജീവൻ രക്ഷിച്ച് നാടിന് അഭിമാനമായ ശിവ കൃഷ്ണനുള്ള ഈ അംഗീകാരം നാട്ടുകാർക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും ഏറെ സന്തോഷം നൽകുന്നു.