ബാവലിയിൽ കർണാടക മദ്യവുമായി യുവാവ് പിടിയിൽ; കൂട്ടു പ്രതികൾ ഓടി രക്ഷപ്പെട്ടു
1 min read
ബാവലിയിൽ കർണാടക മദ്യവുമായി യുവാവ് പിടിയിൽ; കൂട്ടു പ്രതികൾ ഓടി രക്ഷപ്പെട്ടു
ബാവലി : വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കേരള – കർണാടക അതിർത്തിയായ ബാവലി ഭാഗത്ത് നടത്തിയ പരിശോധനയിൽ ഷാണമംഗലത്ത് നിന്നും 476 ടെട്രാ പാക്കറ്റുകളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 51.48 ലിറ്റർ കർണാടക മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എച്ച്.ഡി കോട്ട അന്തർസന്ത സ്വദേശി മണിയ ( 29 ) നെ അറസ്റ്റ് ചെയ്തു.
കൂട്ടുപ്രതികളായ ബാവലി സ്വദേശികളായ കടമന വീട്ടിൽ നാരായണൻ ( 33 ), മസൽസീമേ വീട്ടിൽ മനോജ് ( 25 ) ദോഡമന വീട്ടിൽ സുകു ( 32 ) എന്നിവർ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
കോവിഡ് വാരാന്ത്യ കർഫ്യുവിന്റെ ഭാഗമായി കർണാടകയിൽ മദ്യ വിൽപന ശാലകൾ അടച്ചിരിക്കുന്നതിനാൽ അതിർത്തി പ്രദേശങ്ങളിൽ വ്യാപകമായി മദ്യവില്പന നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്നായിരുന്നു എക്സൈസ് പരിശോധന.
സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ , പ്രിവന്റീവ് ഓഫീസർമാരായ കെ.ജി ശശികുമാർ , പി.പി ശിവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ , അമൽദേവ് , അനിൽ, സുരേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.