നിർമാണം തുടങ്ങി മൂന്നര പതിറ്റാണ്ടായിട്ടും യാഥാർത്ഥ്യമായില്ല; നോക്കുകുത്തിയായി മലങ്കര ജലവിതരണ പദ്ധതി
1 min readനിർമാണം തുടങ്ങി മൂന്നര പതിറ്റാണ്ടായിട്ടും യാഥാർത്ഥ്യമായില്ല; നോക്കുകുത്തിയായി മലങ്കര ജലവിതരണ പദ്ധതി
പനമരം: മൂന്നര പതിറ്റാണ്ട് മുമ്പ് നിർമാണം തുടങ്ങിയ മലങ്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഇനിയും യാഥാർഥ്യമായില്ല. ഒട്ടേറെ കർഷകർക്ക് ഉപകാരപ്പെടേണ്ട ഈ പദ്ധതി പാതിവഴിയിലായത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന ആക്ഷേപം ശക്തമാവുന്നു. 35 വർഷങ്ങൾക്ക് മുമ്പാണ് പനമരം പഞ്ചായത്തിലെ 18-ാം വാർഡിൽപ്പെടുന്ന മലങ്കരയിൽ കർഷകർക്കായി പുഴയോരത്ത് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമാണം തുടങ്ങിയത്. അന്ന് 14 ലക്ഷം രൂപയോളം വകയിരുത്തി കെട്ടിടം പണിതു കൊണ്ടായിരുന്നു തുടക്കം. പിന്നീട് പദ്ധതിക്കായി പൈപ്പ് ലൈനും, കനാലും മറ്റ് പണികളെല്ലാം പൂർത്തിയാക്കി. ഇതിനായി 70 ലക്ഷം രൂപയോളം ഇതിനോടകം ചെലവായി. വൈദ്യുതീകരണ ജോലികൾ മാത്രമായിരുന്നു പൂർത്തീകരിക്കാൻ ഉണ്ടായിരുന്നത്. ഇവ യഥാസമയം പൂർത്തീകരിച്ച് പദ്ധതി പ്രാവർത്തികമാക്കത്തതിനാൽ 75 കുതിര ശക്തിയുള്ള മൂന്ന് മോട്ടോറുകളും ഇറിഗേഷന് മാത്രമായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറും നശിച്ചു. പിന്നീട് ഇവ വീണ്ടും മാറ്റി സ്ഥാപിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി കൊണ്ട് കർഷകർക്ക് ഗുണമുണ്ടായില്ല. എട്ടു വർഷം മുമ്പ് വൈദ്യുതീകരണം നടത്താനും മറ്റുമായി നാട്ടുകാരുടെ ഇടപെടലുകൾ മൂലം വീണ്ടും ടെൻഡർ നടപടികളും പൂർത്തിയാക്കിയിരുന്നു. എന്നാൽ മറ്റു നടപടികൾ ഉണ്ടായില്ല. ഇതോടെ പദ്ധതി എങ്ങുമെത്താതെ പാതിവഴിയിൽ നിലച്ച അവസ്ഥയിലായി.
*പദ്ധതി പ്രാവർത്തികമാകാൻ ഇനി ഒന്നിൽ നിന്ന് തുടങ്ങണം*
2018, 19 വര്‍ഷങ്ങളിലെ മഹാപ്രളയത്തെ തുടര്‍ന്ന് പുഴ കരകവിഞ്ഞൊഴുകുകയും കെട്ടിടമാകെ വെള്ളം കയറി നശിക്കുകയും ചെയ്തു. താഴത്തെ നില ഒരാൾ പൊക്കത്തോളം ചെളി നിറഞ്ഞ് കിടക്കുകയാണ്. മോട്ടോറുകളും ട്രാന്‍സ്‌ഫോര്‍മറും വീണ്ടെടുക്കാന്‍ കഴിയാത്തവിധം നശിച്ചു. പൈപ്പുകൾ എല്ലാം തുരുമ്പെടുക്കുകയും കനാൽ പലയിടങ്ങളിലും തകർന്ന നിലയിലുമാണിപ്പോൾ. കെട്ടിടത്തിന് കേടുപാടുകളും ബലക്ഷയവും വന്ന അവസ്ഥയിലാണ്. ചുരുക്കത്തിൽ പദ്ധതി പുനരുജ്ജീവിപ്പിക്കണമെങ്കില്‍ ഒന്നില്‍ നിന്ന് തുടങ്ങേണ്ട സ്ഥിതിയിലാണ്.
കുറുമ്പാലക്കോട്ട മലയടിവാരത്തിലെ
കരയും വയലും ഉള്‍പ്പെടെ 400 ഏക്കറോളം സ്ഥലത്തെ കാര്‍ഷിക വികസനം ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി. കാർഷിക ഗ്രാമങ്ങളായ ഇവിടെ പുഞ്ചയും നഞ്ചയും മാറി മാറി എടുക്കാനും തോട്ടങ്ങൾ നനയ്ക്കാനും കർഷകർക്ക് പ്രയോജനകരമാവും വിധത്തിലായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് സമീപനം കാരണം ഒരു തുള്ളി വെള്ളം പോലും ഇതുവരെ ഒഴുക്കാനാവാതെ പൈപ്പുകളും കനാലുകളും ഇത്രയും കാലം വെറും നോക്കുകുത്തിയായി മാറിയെന്നതാണ് വാസ്തവം. മലങ്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കൊപ്പം മറ്റു നാല് പദ്ധതികൾ കൂടി വയനാട്ടിൽ തുടക്കം കുറിച്ചിരുന്നു. ആ നാലു പദ്ധതികളും പൂർത്തീകരിക്കുകയും മലങ്കരയിലേത് മാത്രം പൂർത്തീകരിക്കാതെ പാതിവഴിയിൽ നിലച്ചു പോവുകയും ആയിരുന്നു. പുഴക്കരയില്‍ സ്ഥാപിച്ച കെട്ടിടത്തില്‍ നിന്ന് പുഴയിലേക്കിറക്കിയ പൈപ്പ് പോലും പൂര്‍ത്തിയാക്കാതെ ഇട്ടിരിക്കുകയാണ്. പദ്ധതി നടപ്പാകാതെ വന്നതോടെ കര്‍ഷകര്‍ സ്വന്തം നിലക്ക് പുഴയില്‍ നിന്ന് വെള്ളമടിക്കുകയാണിപ്പോള്‍. ഇതിന് സംവിധാനമൊരുക്കാന്‍ നിവർത്തിയില്ലാത്ത കര്‍ഷകര്‍ പുഞ്ചകൃഷി ഇറക്കാറുമില്ല.
*പദ്ധതിക്കായി ഇപ്പോൾ വീണ്ടും 1.70 ലക്ഷം രൂപ*
കഴിഞ്ഞ ദിവസം മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സുപ്രണ്ടിങ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. തീര്‍ത്തും നശിച്ചുപോയ പദ്ധതിക്കായി 1.70 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായാണ് വിവരം. ലക്ഷങ്ങള്‍ പാഴാക്കിയ പദ്ധതിക്കായി വീണ്ടും പണംമുടക്കേണ്ട ഗതികേടിലാണ് സര്‍ക്കാര്‍. ഏറ്റവും ഉപകാരപ്രഥമായ പദ്ധതി യഥാസമയം കമ്മീഷന്‍ ചെയ്യാനാകാതെ പണം പാഴാക്കിയത് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളുമാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. ഇതിലേക്ക് നയിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. കൊട്ടിഘോഷിക്കുന്ന കാര്‍ഷിക വികസനം ഒരു ഭാഗത്ത് നടക്കുമ്പോള്‍ ഉദ്യോഗസ്ഥ അനാസ്ഥയുടെ നേര്‍ക്കാഴ്ചയായി മാറിയിരിക്കുകയാണ് മലങ്കരയിലെ ഈ ജലവിതരണ പദ്ധതി.
ഉദ്യോഗസ്ഥരുടെ അനാസ്ഥ – എ.ഇ ഗീരീഷ്
മൂന്നര പതിറ്റാണ്ട് മുമ്പ് തുടങ്ങിയ മലങ്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഇന്നും നോക്കുകുത്തിയായി കിടക്കുന്നത് അക്കാലങ്ങളിൽ ഉള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ്. ഇതോടൊപ്പം തുടങ്ങിയ നാല് പദ്ധതികൾ കമ്മീഷൻ ചെയ്തിട്ടും ഇവിടെ കെടുകാര്യസ്ഥതയാണ് ഉണ്ടായത്. 70 ലക്ഷം രൂപയോളം വിനിയോഗിച്ച പദ്ധതിക്കിപ്പോൾ വീണ്ടും 1.70 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുകയാണ്. ഇതോടെ സർക്കാറിന്റെ ലക്ഷങ്ങൾ പാഴാവുകയാണ്. ഇതിന് കാരണക്കാരായവർക്കെതിരെ നടപടി ഉണ്ടാവണമെന്ന് പൊതുപ്രവർത്തകനായ എ.ഇ ഗിരീഷ് ആവശ്യപ്പെട്ടു. 400 ഏക്കറോളം സ്ഥലത്ത് വെള്ളമെത്തിക്കാൻ സാധിക്കുന്ന ഒരു പദ്ധതിയാണിത്. കർഷകരെ സംബന്ധിച്ച് നഞ്ചയും പുഞ്ചയും എടുക്കുന്നതിനും തോട്ട വിളകളുടെ ആദായം വർധിപ്പിക്കാനും സഹായിക്കുന്നതാണ് പദ്ധതി. കേരള സംസ്ഥാനത്ത് തന്നെ 35 വർഷമായിട്ടും പൂർത്തീകരിക്കാത്ത മറ്റൊരു പദ്ധതി ഉണ്ടാവാൻ ഇടയില്ല. കഴിഞ്ഞ കാലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം മുടങ്ങിപ്പോയ ഈ പദ്ധതി എത്രയും പെട്ടെന്ന് കമ്മീഷൻ ചെയ്ത് കർഷകർക്ക് പ്രയോജനപ്രഥമാക്കണമെന്നും അദ്ദേഹം ന്യൂസ് ടുഡെ വയനാടിനോട് പറഞ്ഞു.
പദ്ധതി വൈകിയത് വൈദ്യുതീകരണം നടക്കാത്തതിനാൽ – ടി.പി വിനോദ്
മലങ്കര ഇറിഗേഷൻ പദ്ധതി വൈകാൻ ഇടയാക്കിയത് ഇലക്ട്രിക്കൽ ജോലികൾ പൂർത്തീകരിക്കാൻ സാധിക്കാത്തതിനാലാന്നെന്ന് ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ടി.പി വിനോദ് പ്രതികരിച്ചു.
ജില്ലയിൽ ഇറിഗേഷൻ വകുപ്പിന് കീഴിൽ ഇലക്ട്രിക്കൽ വിങ്ങില്ല. അതിനാൽ പൊതുമരാമത്ത് ഇലക്ട്രിക്കൽ സെക്ഷനാണ് നിർമാണം നടത്തേണ്ടത്. അവർക്ക് ജോലിഭാരം കൂടുതലാണ്. കൂടാതെ കോഴിക്കോട് ഡിവിഷൻ ഓഫീസിൽ നിന്നും പ്രൊപ്പോസലുകൾ അംഗീകരിച്ച് കിട്ടുന്നതിന് കാലതാമസം ഉണ്ടായാൽ അതും നിർമാണം വൈകാൻ ഇടയാക്കും. ജില്ലയിൽ ഇലക്ട്രിക്കൽ വർക്കുകൾ എടുക്കുന്ന എ -ക്ലാസ്സ് കരാറുകാർ ഇല്ല. അതിനാൽ കോഴിക്കോടുള്ള കരാറുകാരൻ ആയിരുന്നു ടെണ്ടർ എടുത്തത്. 2009 ൽ ടെണ്ടർ നടന്നെങ്കിലും നിർമാണം ആരംഭിച്ചില്ല. പിന്നീട് 2018 ൽ അംഗീകാരം കിട്ടിയ സമയത്ത് പ്രളയമുണ്ടായി. തുടർന്ന് ഉപകരണങ്ങൾ നശിച്ചതോടെ കരാറുകാരൻ പിന്മാറുകയായിരുന്നു.
ഇപ്പോൾ പദ്ധതി യാഥാർഥ്യമാക്കുന്നതിനായി വീണ്ടും സ്ഥലത്തെത്തി പാടശേഖര സമിതിയുമായി ചേർന്ന് സ്ഥലം അളന്ന് തിട്ടപെടുത്തിയിട്ടുണ്ട്. തകർന്ന കനാലും പൈപ്പും നന്നാക്കേണ്ടതായുണ്ട്. മണ്ണിടിഞ്ഞ ഭാഗങ്ങളിൽ സംരക്ഷണവും ഏർപെടുത്തേണ്ടതായുണ്ട്. പദ്ധതിക്കായുള്ള പ്രൊപ്പോസൽ ഉടൻ നൽകും. അനുമതി കിട്ടിയാൽ ഉടൻ നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.