December 5, 2024

രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമം; കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് കോൺഗ്രസ് ജില്ലാകമ്മിറ്റി

Share

രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമം; കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് കോൺഗ്രസ് ജില്ലാകമ്മിറ്റി

കല്‍പ്പറ്റ: വയനാടിന്‍റെ വിവിധങ്ങളായ പ്രശ്നങ്ങളില്‍ പാര്‍ലമെന്‍റിലടക്കം ഇടപെടുകയും സ്വന്തം നിലയില്‍ പോലും ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി ആവശ്യമായതെല്ലാം ചെയ്യുന്ന രാഹുല്‍ഗാന്ധി എം.പിക്കെതിരായ ബി.ജെ.പി സംസ്ഥാന വക്താവിന്‍റെ ആരോപണങ്ങള്‍ വയനാട്ടുകാര്‍ പുച്ഛിച്ചു തള്ളുമെന്ന് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി. രാഹുല്‍ ഗാന്ധി എം.പിയെ അപകീര്‍ത്തിപ്പെടുത്താനും തേജോവധം ചെയ്യാനുമുള്ള ശ്രമം കോണ്‍ഗ്രസ് കൈയ്യും കെട്ടി നോക്കിനില്‍ക്കില്ല.

രാഹുല്‍ഗാന്ധിക്കെതിരേ വിലകുറഞ്ഞ ആരോപണങ്ങളുന്നയിക്കുന്നത് സ്വന്തം കഴിവുകേട് മറയ്ക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്‍റെ ഭാഗമാണ്. കോണ്‍ഗ്രസ് രാജ്യത്തുണ്ടാക്കിയ പൊതുമുതലെല്ലാം വിറ്റ് കൊള്ളയടിക്കുന്നതാണ് മോദിയുടെ ഭരണനേട്ടം. രാഹുല്‍ഗാന്ധി എം.പിയായതിന് ശേഷം വയനാടിന് വേണ്ടി എന്തെല്ലാം ചെയ്തുവെന്ന് ഇവിടുത്തെ ജനങ്ങള്‍ക്കറിയാം. അതിന് ബിജെപി വക്താവിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണ്ട.

പ്രളയകാലത്തായാലും കോവിഡ് കാലത്തായാലും രാഹുല്‍ഗാന്ധി സ്വന്തം നിലയില്‍ ഇവിടുത്തെ ജനങ്ങള്‍ക്കായി നിരവധി കാര്യങ്ങളാണ് ചെയ്തത്. മെഡിക്കല്‍ കോളജ്, വന്യമൃഗശല്യം, കാര്‍ഷിക പ്രശ്നങ്ങള്‍ എന്നിവയടക്കം നിരവധി വിഷയങ്ങളാണ് ഇതിനകം തന്നെ രാഹുല്‍ഗാന്ധി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ എംപിമാരുടെ ആവശ്യങ്ങള്‍ തള്ളുകയും അവര്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്യുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.

രാജ്യത്ത് നെഹ്റുവും ഇന്ദിരയും രാജീവ് ഗാന്ധിയും മന്‍മോഹന്‍ സിംഗുമടക്കമുള്ള പ്രധാനമന്ത്രിമാരുടെ കാലത്ത് നേടിയതെല്ലാം വിറ്റുതുലയ്ക്കുകയാണ് മോദി സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ മരണമണിയാണ് ഇപ്പോള്‍ രാജ്യത്ത് മുഴക്കി കേള്‍ക്കുന്നത്. കര്‍ഷകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുകയും രാജ്യത്തെ
ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരുടെ ഉപദേശം രാഹുല്‍
ഗാന്ധിക്ക് ആവശ്യമില്ല.

ദേശീയനേതാവെന്ന നിലയില്‍ രാഹുല്‍ഗാന്ധിക്ക് വിദേശത്തേക്ക് പോകേണ്ടി
വരുന്നത് സ്വാഭാവികമാണ്. വല്ലപ്പോഴും ചുരം കയറിയെത്തുന്ന ചില വക്താക്കളുടെ ജല്‍പനങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും യോഗം വ്യക്തമാക്കി. മോദി സര്‍ക്കാരിന് ആര്‍ജവമുണ്ടെങ്കില്‍
നഞ്ചന്‍ഗോഡ് – വയനാട് – നിലമ്പൂര്‍
റെയില്‍പാത, ചുരം ബദല്‍പാതയടക്കം നടപ്പാക്കി കാണിക്കുകയാണ് വേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് എന്‍.ഡി. അപ്പച്ചന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി.സിദ്ദിഖ് എം,എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം നിയാസ്, കെ.കെ ഏബ്രഹാം, കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം കെ.എല്‍ പൗലോസ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.