പരിസ്ഥിതിലോല മേഖലയായ കരിങ്കുറ്റി നാടുകാണിക്കുന്നിൽ ചെങ്കുത്തായ കുന്നിടിക്കൽ തകൃതി; മണ്ണെടുത്തത് മെഡിക്കൽ കോളേജിനായി കണ്ടെത്തിയ ഭൂമിയുടെ പിറകുവശത്ത്
പരിസ്ഥിതിലോല മേഖലയായ കരിങ്കുറ്റി നാടുകാണിക്കുന്നിൽ ചെങ്കുത്തായ കുന്നിടിക്കൽ തകൃതി; മണ്ണെടുത്തത് മെഡിക്കൽ കോളേജിനായി കണ്ടെത്തിയ ഭൂമിയുടെ പിറകുവശത്ത്
കോട്ടത്തറ: പരിസ്ഥിതിലോല മേഖലയായ കരിങ്കുറ്റി നാടുകാണിക്കുന്നിൽ ചെങ്കുത്തായ കുന്നിടിക്കൽ തകൃതി. കുന്നിടിക്കൽ നാട്ടുകാർ തടഞ്ഞതോടെ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മൊ നൽകി.
നേരത്തെ മെഡിക്കൽ കോളേജിനായി കണ്ടെത്തിയ ഭൂമിയുടെ പിറകുവശത്തായി വനഭൂമിയോട് ചേർന്നാണ് കുന്നിടിച്ചും പാറപൊട്ടിച്ചും മരംമുറിച്ചും റിസോർട്ടിനായുള്ള നിർമാണം തുടങ്ങിയത്. ചെങ്കുത്തായ മലയിൽ വലിയതോതിൽ മണ്ണിടിച്ചതിനാൽ താഴ്‌ഭാഗത്തെ അമ്പതോളം കുടുംബങ്ങൾ ഭീഷണിയിലുമായി. മലമുകളിൽ മണ്ണിടിച്ചും പാറപൊട്ടിച്ചും ഭൂമിനിരപ്പാക്കുകയും കുന്നിന്റെ മുകൾഭാഗംവരെ റോഡു വെട്ടുകയും ചെയ്തിട്ടുണ്ട്.
കുന്നിടിച്ചുള്ള നിർമാണപ്രവൃത്തികാരണം മലമുകളിൽ വലിയ മൺകൂനതന്നെ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് ഈ മണ്ണ് മുഴുവൻ താഴ്‌ഭാഗത്തേക്ക് ഒലിച്ചിറങ്ങാനും മലതുരന്ന് മണ്ണെടുത്തതിനാൽ ഉരുൾപൊട്ടാനും സാധ്യതയേറെയാണ്.
ഇതാണ് നാട്ടുകാരെ ഭീതിയിലാക്കിയത്. നിർമാണം നാട്ടുകാർ തടഞ്ഞതോടെ പോലീസെത്തി ഹിറ്റാച്ചിയും എസ്കവേറ്ററും കസ്റ്റഡിയിലെടുത്തു.
ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണസമിതി യെല്ലോ സോണായി പ്രഖ്യാപിച്ചതാണ് ഇവിടം. 4.60 ഏക്കർ ഭൂമിയിലാണ് അനധികൃത മണ്ണെടുപ്പ് നടന്നത്.