തലപ്പുഴ വനത്തിലെ മൃതദേഹാവശിഷ്ടങ്ങൾ ചെങ്ങോം സ്വദേശിയുടേതെന്ന് സംശയം
തലപ്പുഴ വനത്തിലെ മൃതദേഹാവശിഷ്ടങ്ങൾ ചെങ്ങോം സ്വദേശിയുടേതെന്ന് സംശയം
തലപ്പുഴ: തലപ്പുഴ നാൽപ്പത്തിമൂന്നാം മൈലിലെ വനത്തിനുള്ളിൽ കഴിഞ്ഞദിവസം കണ്ടെത്തിയ മനുഷ്യ മൃതദേഹാവശിഷ്ടങ്ങൾ കണ്ണൂർ ചെങ്ങോം സ്വദേശിയുടെതാണെന്ന് സംശയിക്കുന്നു. മൂന്നുമാസം മുമ്പ് കാണാതായ കണിച്ചാർ ചെങ്ങോം സ്വദേശി പള്ളിപ്പറമ്പിൽ ജോസഫ് എന്ന മാമച്ചൻ്റേതാണ് മൃതദേഹാവശിഷ്ടങ്ങൾ എന്നാണ് ബന്ധുക്കൾ പറയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മാസം 23 ന് കമ്പളക്കാടുള്ള ബന്ധുവീട്ടിലേക്ക് ജോസഫ് പോയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ സ്വന്തം വീട്ടിലേക്ക് തിരികെ പോവുകയാണെന്ന്
അറിയിച്ച് ഇദ്ദേഹം ബന്ധു വീട്ടിൽ നിന്നും ഇറങ്ങി. എന്നാൽ ജോസഫ് സ്വന്തം വീട്ടിലേക്ക് തിരികെ എത്താത്തതിനെ തുടർന്ന് 28 ന് കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.
കഴിഞ്ഞ മൂന്നുമാസമായി ജോസഫിനെ കുറിച്ച് യാതൊരു വിവരവും ബന്ധുക്കൾക്ക് ലഭിച്ചിരുന്നില്ല. വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വനത്തിൽ വിറക് ശേഖരിക്കാൻ എത്തിയവരാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടത്. ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇക്കാര്യത്തിൽ വൃക്തത ഉണ്ടാവുകയുള്ളൂവെന്ന് പോലീസ് അധികൃതർ ന്യൂസ് ടുഡെ വയനാടിനോട് പറഞ്ഞു.