October 13, 2024

വിപണി വിലയെക്കാൾ 15% വരെ വിലക്കുറവ് ; ജില്ലയിൽ ആശ്വാസമായി കൃഷി വകുപ്പിന്റെ തക്കാളി വണ്ടി

Share

വിപണി വിലയെക്കാൾ 15% വരെ വിലക്കുറവ് ; ജില്ലയിൽ ആശ്വാസമായി കൃഷി വകുപ്പിന്റെ തക്കാളി വണ്ടി

കൽപ്പറ്റ: കുതച്ചുയരുന്ന പച്ചക്കറി വിലയ്ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന്റെ തക്കാളി വണ്ടി നിരത്തിലിറങ്ങി. ഒരു കിലോ തക്കാളിയ്ക്ക് 50 രൂപ മാത്രം. പൊതു വിപണിയേക്കാള്‍ ഏറെ വിലക്കുറവ്. മറ്റ് പച്ചക്കറികള്‍ക്ക് അഞ്ച് മുതല്‍ 15 ശതമാനം വരെയാണ് വിലക്കുറവ്. അടുക്കളയ്ക്ക് ആശ്വാസമായി കൃഷി വകുപ്പിന് കീഴിലുള്ള വി.എഫ്.പി.സി.കെയാണ് തക്കാളി വണ്ടി നിരത്തിലിറക്കിയത്.

വിപണിയിലെ അപ്രതീക്ഷിത വിലക്കയറ്റത്തെ തടയുന്നതിനാണ് കര്‍മ്മപദ്ധതി. പച്ചക്കായ, പയര്‍, പടവലം, പച്ചമുളക് തുടങ്ങിയവ ജില്ലയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ചാണ് വിപണിയിലെത്തിക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി, പനമരം, പടിഞ്ഞാറത്തറ, വൈത്തിരി, മേപ്പാടി എന്നിവിടങ്ങളില്‍ ജനുവരി ഒന്ന് വരെ വിവിധ ദിവസങ്ങളിലായി തക്കാളി വണ്ടിയെത്തും.

തക്കാളി വണ്ടിയുടെ ഫ്‌ലാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ആദ്യവില്‍പ്പനയായി ജില്ലാ പഞ്ചായത്ത് അംഗം അമല്‍ജോയ് പച്ചക്കറികള്‍ ഏറ്റുവാങ്ങി. കളക്ട്രേറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ മുരളീധര മേനോന്‍, എ.എസ്. ജെസ്സിമോള്‍, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ എസ്. സിന്ദു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടെസ്സി ജേക്കബ്ബ്, അക്കൗണ്ട്‌സ് ഓഫീസര്‍ സുനില്‍ എ.ജെ. ജോസഫ്, വി.എഫ്.പി.സി.കെ മാനേജര്‍ യു. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.