October 11, 2024

കടുവാശല്യം; വനം വകുപ്പിന്റെ നടപടികളോട് ജനങ്ങള്‍ സഹകരിക്കണം – മന്ത്രി എ.കെ.ശശീന്ദ്രൻ

Share

*കടുവാശല്യം; വനം വകുപ്പിന്റെ നടപടികളോട് ജനങ്ങള്‍ സഹകരിക്കണം – മന്ത്രി എ.കെ.ശശീന്ദ്രൻ*

തിരുവനന്തപുരം: വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഉര്‍ജ്ജിത ശ്രമങ്ങള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

കടുവാ സന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത് ആദ്യ ദിവസം മുതല്‍ ശക്തമായ ഫീല്‍ഡ് പട്രോളിംഗ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ 100 മുതല്‍ 125-ഓളം വനം വകുപ്പ് ജീവനക്കാര്‍ രാവും പകലും പ്രദേശത്ത് പട്രോളിംഗ് നടത്തി വരുന്നു. 127 വാച്ചര്‍മാര്‍, 66 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, 29 ഫോറസ്റ്റര്‍മാര്‍, 8 റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍, 5 ഡി.എഫ്.ഒമാര്‍, ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവരെയാണ് കടുവയെ പിടികൂടുന്നതിനായുള്ള പ്രത്യേക യജ്ഞത്തിനായി വനം വകുപ്പ് നിയോഗിച്ചിട്ടുള്ളത്.


കൂടാതെ, സീനിയര്‍ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് മയക്കുവെടി വെക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്. രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയും മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്തി വരുന്നുണ്ട്. പ്രദേശത്ത് ഇതിനകം 36 ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് 5 കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് സ്ഥലത്തെത്തി നടപടികള്‍ വിലയിരുത്തിയ ശേഷം ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. സബ്ബ് കളക്ടര്‍, തഹസില്‍ദാര്‍, മാനന്തവാടി ഡി.വൈ.എസ്.പി എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ, പോലീസ് സംഘവും എല്ലാ സഹകരണവും നല്‍കുന്നുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ക്രമീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കന്നുകാലികളുടെ ഉടമസ്ഥര്‍ക്ക് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നഷ്ടപരിഹാരം കണക്കാക്കി തുക നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ വനം വകുപ്പ് ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കൈക്കൊണ്ടു വരുന്ന നടപടികള്‍ കേരളാ ഹൈക്കോടതി കഴിഞ്ഞ 14, 16 തീയതികളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിലയിരുത്തുകയും ഇതുവരെ സ്വീകരിച്ച നടപടികളില്‍ തൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ഭീതി സര്‍ക്കാര്‍ പൂര്‍ണ്ണമായും മനസ്സിലാക്കി മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു. പ്രദേശത്ത് ഉണ്ടായതായി പറയപ്പെടുന്ന മറ്റ് പ്രശ്നങ്ങളെകുറിച്ച് ആവശ്യമായ അന്വേഷണങ്ങള്‍ നടത്തുന്നതാണ്. ഈ വിഷയത്തില്‍ പൊതുജനങ്ങളുടെ ആശങ്ക ജീവനക്കാരും, രാവും പകലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ വിഷമതകള്‍ പൊതുജനങ്ങളും പരസ്പരം മനസ്സിലാക്കി സ്വയം നിയന്ത്രണം പാലിച്ച് പ്രധാന വിഷയത്തിന് പരിഹാരം കാണാനുള്ള വനം വകുപ്പിന്റെ നടപടികളോട് പൊതുജനങ്ങളും ജനപ്രതിനിധികളും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.