കടുവാ ഭീതി; പയ്യമ്പള്ളി, പുതിയിടം, കൊയിലേരി, താന്നിക്കൽ എന്നീ വാർഡുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു
1 min readകടുവാ ഭീതി; പയ്യമ്പള്ളി, പുതിയിടം, കൊയിലേരി, താന്നിക്കൽ എന്നീ വാർഡുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു
മാനന്തവാടി: കടുവാഭീതിയെത്തുടർന്ന് മാനന്തവാടി നഗരസഭയിലെ നാലുവാർഡുകളിൽകൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പയ്യമ്പള്ളി, പുതിയിടം, കൊയിലേരി, താന്നിക്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. കുറുക്കൻമൂല, ചെറൂർ, കാടൻകൊല്ലി, കുറുവാ വാർഡുകളിൽ നേരത്തെ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു.
കടുവയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മാനന്തവാടി സബ്കളക്ടർ ആർ. ശ്രീലക്ഷ്മിയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. കടുവയെ കണ്ടെത്തുന്നതിന് ഇന്ന് പുലർച്ചെമുതൽ പരിശോധന കർശനമാക്കാൻ യോഗം തീരുമാനിച്ചു. കടുവയെ പുറത്തുചാടിച്ച് കണ്ടെത്താൻ നടപടികൾ സ്വീകരിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇതിനായി മൈക്ക് അനൗൺസ്‌മെന്റും സമൂഹികമാധ്യമങ്ങൾ വഴിയും അറിയിപ്പും നൽകും. കടുവയെ കണ്ടെത്താനായുള്ള പരിശോധനയിൽ വനംവകുപ്പ് ജീവനക്കാരോടൊപ്പം പ്രദേശവാസികളിൽ വാച്ചർമാരായി ജോലിചെയ്തവരും ഒപ്പംകൂട്ടുന്നത് പരിഗണിക്കാമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
കടുവ ഇറങ്ങുന്ന സ്ഥലങ്ങളിലൂടെ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിൽ ഏതൊക്കെ പോയന്റിൽ എത്ര എണ്ണംവേണം, അതിനാവശ്യമായ നെറ്റ്‌വർക്ക് കണക്‌ഷൻ തുടങ്ങിയ കാര്യങ്ങളിൽ എത്രയുംപെട്ടെന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ വനംവകുപ്പിന് നിർദേശം നൽകി. ഏറുമാടം നിർമിച്ച് കടുവയെ നിരീക്ഷിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. കടുവ ഇറങ്ങിയ സ്ഥലങ്ങളിലും വാട്സാപ്പ് കൂട്ടായ്മ രൂപവത്കരിച്ച് ജനങ്ങളെ വിവരമറിയിക്കും. നഗരസഭാ ഉപാധ്യക്ഷൻ പി.വി.എസ്. മൂസ, കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, വിപിൻ വേണുഗോപാൽ, ആലിസ് സിസിൽ, നോർത്ത് വയനാട് ഡി.എഫ്.ഒ. രമേഷ് ബിഷ്ണോയി, സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം, മാനന്തവാടി ഇൻസ്പെക്ടർ എ.എം. അബ്ദുൾകരീം, തഹസിൽദാർ ജോസ്‍പോൾ ചിറ്റിലപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം പയ്യമ്പള്ളി പുതിയടത്ത് ഇന്നലെ രാത്രി കടുവയെ കണ്ടതായി നാട്ടുകാർ ന്യൂസ് ടുഡെ വയനാടിനോട് പറഞ്ഞു. തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. എന്നാൽ കാൽ പാടുകൾ കടുവയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ ഊർ ജിതമാക്കും. 30 പേരടങ്ങുന്ന ആറു സംഘങ്ങളെ ഇതിനായി നിയോഗിക്കും. പുതിയടത്ത് ട്രാക്കിംഗ് ടീം പരിശോധന നടത്തുന്നുണ്ട്. രാവിലെ 9 മണി മുതൽ വ്യാപക തെരച്ചിൽ തുടങ്ങും. 180 വനം വകുപ്പ് ജീവനക്കാരും 30 പോലീസുകാരും സംഘത്തിലുണ്ട്.